
സിംഗപ്പൂർ പ്രസിഡന്റ് തർമ്മൻ ഷണ്മുഖരത്നം മാർച്ച് അഞ്ചാം തീയതി വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തിയതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പരൊളീൻ, വിദേശകാര്യബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് ഗാല്ലഗർ തുടങ്ങിയവരുമായും പ്രസിഡന്റ് ഷണ്മുഖരത്നം കൂടിക്കാഴ്ച നടത്തി.
വിവിധ സംസ്കാരങ്ങളിലും മതവിഭാഗങ്ങളിലും നിന്നുള്ളവർക്ക് സിംഗപ്പൂരിൽ അനുഭവിക്കാനാകുന്ന മെച്ചപ്പെട്ട സഹവാസസാധ്യതയിൽ ലിയോ പതിനാലാമൻ പാപ്പാ സന്തോഷം പ്രകടിപ്പിച്ചു . സിംഗപ്പൂർ പ്രസിഡന്റ് ഷണ്മുഖരത്നവുമായി കൂടിക്കാഴ്ച അനുവദിച്ച വേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധവും ചർച്ച ചെയ്യപ്പെട്ടു.
പരിശുദ്ധ പിതാവും പ്രസിഡന്റ് ഷണ്മുഖരത്നവും തമ്മിൽ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ, രാജ്യത്തിന്റെ പൊതുനന്മയ്ക്കായി അവിടെയുള്ള കത്തോലിക്കാ സഭ നൽകുന്ന സംഭാവനകളിലും മതിപ്പ് രേഖപ്പെടുത്തിയതായി, കൂടിക്കാഴ്ച സംബന്ധിച്ച് വത്തിക്കാൻ പ്രെസ് ഓഫീസ് മാർച്ച് അഞ്ചാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ പരിശുദ്ധ സിംഹാസനം അറിയിച്ചു.
പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ തുടങ്ങിയവരുമായും സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ വച്ച് പ്രസിഡന്റ് ഷണ്മുഖരത്ന കൂടിക്കാഴ്ച നടത്തി.
പരിശുദ്ധ സിംഹാസനവും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന് പുറമെ, പ്രാദേശിക, അന്തർദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും, നിലവിലെ സാഹചര്യങ്ങളും സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും ഇരു രാഷ്ട്രനേതൃത്വങ്ങളും കൈമാറിയെന്നും, ബഹുരാഷ്ട്രബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങൾ തുടരേണ്ടതിന്റെയും, അവ സംരക്ഷിക്കപ്പെടേണ്ടതിന്റെയും, നവീകരിക്കപ്പെടേണ്ടതിന്റെയും പ്രാധാന്യവും ചർച്ചകളിൽ ഇടം പിടിച്ചു.
2023 സെപ്റ്റംബർ 14-ന് രാജ്യനേതൃത്വം ഏറ്റെടുത്ത തർമ്മൻ ഷണ്മുഖരത്ന രാജ്യത്തിൻറെ ഒൻപതാമത് പ്രസിഡന്റാണ്.