
ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നതയിലുള്ള മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചില്ല. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനായി സുധാകരന്റെ വീടിന് സമീപത്തുകൂടി മുഖ്യമന്ത്രി കടന്നുപോയെങ്കിലും അവിടെ ഇറങ്ങാനോ നേതാവിനെ കാണാനോ അദ്ദേഹം തയ്യാറായില്ല.
ഇതിനിടെ പാലം ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സ്ട്രീം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത് സുധാകരന്‍ നീക്കം ചെയ്തു. അനുമതിയില്ലാതെ ജില്ലാ കമ്മിറ്റിയുടെ അഡ്മിൻ ലിങ്ക് പങ്കുവെച്ചെന്നാണ് ആരോപണം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിക്കുകയും നോട്ടീസിൽ പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിട്ടും അദ്ദേഹം എത്തിയില്ല.
കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന ജി സുധാകരന്‍ ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു . സിപിഎം ജില്ലാ കമ്മറ്റി അംഗമായ അഡ്മിന്‍ അനുമതിയില്ലാതെ ലൈവ് ഇടുകയായിരുന്നുവെന്നാണ് വിവരം. ലൈവ് പങ്കുവെച്ചതോടെ പാര്‍ട്ടിയും സുധാകരനും തമ്മിലുള്ള പ്രശ്‌നത്തിലെ മഞ്ഞുരുകിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ജി സുധാകരനെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസില്‍ പേരും ചിത്രവും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അദ്ദേഹവുമായി അടുത്തയാളുകള്‍ പറയുന്നത്. എന്നാല്‍ ലൈവ് സംപ്രേഷണം പിന്‍വലിച്ചത് അതൃപ്തി മാറാത്തതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
തൽക്കാലം പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന നിലപാടിലാണ് സുധാകരൻ. എന്നാൽ പാർട്ടി വിടുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. മാർച്ച് 31 വരെ സമയം ഉണ്ടെങ്കിലും ഒരു സാധാരണ അനുഭാവിയായി തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.