
ഇറാനെതിരായ ആക്രമണങ്ങൾക്കു മൂർച്ച കൂട്ടാൻ യുഎസ് ജോർജ് എച്. ഡബ്ലിയു. ബുഷ് പടക്കപ്പൽ കൂടി മിഡിൽ ഈസ്റ്റിലേക്കു അയച്ചു. അറ്റ്ലാന്റിക് കടന്നു കപ്പൽ കിഴക്കൻ മെഡിറ്ററേനിയനിൽ പ്രവേശിച്ചു ചെങ്കടലിലേക്കു നീങ്ങുമെന്ന് പെന്റഗൺ വൃത്തങ്ങൾ പറഞ്ഞു.
മൂന്നാമതായി എത്തുന്ന ബുഷ് പ്രധാനമായും യെമെനിലെ ഹൂത്തി കലാപകാരികളെ നേരിടാനാവും ഉപയോഗിക്കുക എന്നാണു സൂചന.
ഇറാൻ ഭരണകൂടം പൂർണമായി കീഴടങ്ങണം എന്നു പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെ ശനിയാഴ്ച്ച രാത്രി യുഎസ്-ഇസ്രയേലി സേനകൾ ഇറാനിൽ ആക്രമണം ശക്തിപ്പെടുത്തി.
ടെഹ്‌റാന്റെ പടിഞ്ഞാറു മെഹ്‌റാബാദ് വിമാനത്താവളത്തിലും ഏക്തബൻ ജനവാസ മേഖലയിലും കനത്ത ബോംബിംഗ് ഉണ്ടായി.
ഇറാന്റെ സൈനിക ശേഷി ഒട്ടുമിക്കവാറും തകർത്തെന്ന് ട്രംപ് അഭിപ്രായപ്പെട്ടപ്പോൾ, യുദ്ധം നാലോ അഞ്ചോ ആഴ്ച്ച കൊണ്ടു തീരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
മധ്യസ്ഥതയ്ക്ക് ചിലർ മുന്നോട്ടു വന്നിട്ടുണ്ടെന്നു ഇറാൻ പ്രസിഡന്റ് മസൂദ് പേസസ്കിയാൻ പറഞ്ഞു. എന്നാൽ യുദ്ധം തുടങ്ങി വച്ചവരുടെ വ്യവസ്ഥകൾ സ്വീകരിക്കാനാവില്ല.
സൗദി അറേബ്യ ഇറാനുമായി നേരിട്ടു ബന്ധപ്പെട്ടെന്നു അറബ് മാധ്യമങ്ങൾ പറയുന്നുണ്ട്.
സൗദി പാക്കിസ്ഥാനെ ബന്ധപ്പെട്ടു
സമീപ കാലത്തു ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ പാക്കിസ്ഥാനുമായി ബന്ധപ്പെട്ടെന്ന റിപ്പോർട്ടുമുണ്ട്. ഈ വിവരം അറിയിച്ച സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ, പാക്ക് സേനാ മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച്ച നടത്തിയെന്നു വെളിപ്പെടുത്തി.
നേറ്റോ മാതൃകയിലുള്ള കരാർ അനുസരിച്ചു സൗദി ആക്രമിക്കപ്പെട്ടാൽ പാക്കിസ്ഥാനും മറിച്ചും സൈനിക സഹായം നൽകേണ്ടതുണ്ട്. അതനുസരിച്ചുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഇരുവരും തമ്മിൽ യോജിപ്പുണ്ടായി.
ശനിയാഴ്ച്ച പുലർച്ചെ റിയാദിനു കിഴക്കു ഇറാന്റെ ഒരു ഡ്രോൺ തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ വകുപ്പ് അറിയിച്ചു.
കുവൈറ്റിൽ വെള്ളിയാഴ്ച്ച രാത്രി 12 ഡ്രോണുകൾ തടഞ്ഞു. 14 ബാലിസ്റ്റിക്/ ക്രൂസ് മിസൈലുകളും. രാജ്യത്തിൻറെ പല ഭാഗങ്ങളിലും സ്‌ഫോടനങ്ങൾ ഉണ്ടായി.
ദുബായ്ക്കു നേരെ ചെറിയൊരു ആക്രമണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആളപായമൊന്നും ഇല്ലെന്നു ദുബായ് മീഡിയ ഓഫിസ് പറഞ്ഞു.
ഇസ്രയേലിലും കനത്ത ആക്രമണം
ഇറാൻ വെള്ളിയാഴ്ച്ച രാത്രി ഇസ്രയേലിൽ കനത്ത മിസൈൽ ആക്രമണം നടത്തിയെന്നു ഇസ്രയേലി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജറുസലേം, ബീർഷേബാ എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും ആക്രമണം.
One more US carrier heads for ME, as Saudi seeks Pak help