
മെക്സിക്കോ സിറ്റി: അഞ്ച് ലോറികളിൽ നിറയെ റീത്തുകൾ, സ്വർണ്ണ ശവപ്പെട്ടി, സംഗീത പരിപാടി. ഇതൊരു ശവസംസ്കാര ചടങ്ങാണ്. മെക്സിക്കോയെ ഭീതിയിലാഴ്ത്തിയ മയക്കുമരുന്ന് മാഫിയാ തലവൻ എൽ മെൻചോയുടെ സംസ്കാരചടങ്ങ്. വൻസുരക്ഷയിൽ നടന്ന പരിപാടി നടത്തിയത് മാഫിയ തന്നെ. കാർട്ടലിന്റെ പ്രധാന ശക്തികേന്ദ്രമായ ജാലിസ്കോ സംസ്ഥാനത്തെ ഗൗദലഹാരയ്ക്ക് സമീപമുള്ള റെസിന്റോ ഡി ലാ പാസ് സെമിത്തേരിയിലാണ് ഈ ആഡംബര സംസ്കാര ചടങ്ങുകൾ നടന്നത്. സംസ്കാരത്തിനിടെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ മെക്സിക്കൻ നാഷണൽ ഗാർഡിനെ വിന്യസിച്ചിരുന്നു.
സ്വർണ്ണ ശവപ്പെട്ടിയിലാണ് എൽ മെൻ ചോയുടെ മൃതദേഹം എത്തിച്ചത്. 'പൂക്കൾ കൊണ്ട് മൂടിയ ട്രക്കിലാണ് സ്വർണ്ണ ശവപ്പെട്ടിയിൽ മൃതദേഹം കൊണ്ടുവന്നത്. എൽ മുച്ചാച്ചോ അലെഗ്രെ' എന്ന പരമ്പരാഗത ഗാനം ആലപിച്ചാണ് ചാപ്പലിലേക്ക് എൽ മെൻചോയുടെ സ്വർണ്ണ നിറത്തിലുള്ള ശവപ്പെട്ടി എത്തിച്ചത്. സംസ്കാര ഘോഷയാത്രയിൽ മെക്സിക്കൻ നാടോടി സംഗീതമായ 'റാഞ്ചറോ'യും,
മയക്കുമരുന്ന് തലവന്മാരെ പുകഴ്ത്തി പാടുന്ന നാർക്കോ കോറിഡോസും ആലപിച്ചിരുന്നു. സംസ്കാര ചടങ്ങിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം ആളുകളും ആളെ തിരിച്ചറിയാതിരിക്കാൻ മുഖംമൂടി ധരിച്ചിരുന്നു. മെക്സിക്കോയുടെ പല ഭാഗങ്ങളിൽനിന്നും എൽമെഞ്ചോയുടെ സംസ്കാര ചടങ്ങിന് ആളുകൾ എത്തിയിരുന്നു.
നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന എൽ മെൻചോ മെക്സിക്കൻ സൈന്യത്തിന്റെ പ്രത്യേക സൈനിക നടപടിയിലാണ് കൊല്ലപ്പെട്ടത്. എൽ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയുടെ പല ഭാഗങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. മെക്സിക്കോയിലെ പടിഞ്ഞാറൻ നഗരമായജെലിസ്കോയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എൽ മെൻചോയെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ സൈന്യം പ്രത്യേക ഹെലിക്കോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.