Image

ആര് എപ്പോൾ അട്ടിമറിച്ചു? ആന്റണി രാജുവിനെതിരായ കേസിൽ സാഹചര്യ തെളിവുകൾ മാത്രം പോരെന്ന് കോടതി

Published on 06 March, 2026
ആര് എപ്പോൾ അട്ടിമറിച്ചു? ആന്റണി രാജുവിനെതിരായ കേസിൽ സാഹചര്യ തെളിവുകൾ മാത്രം പോരെന്ന് കോടതി

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മുൻ മന്ത്രി ആന്റണി രാജു എം.എൽ.എ. സമർപ്പിച്ച അപ്പീൽ ഹർജിയിൽ കേരള ഹൈക്കോടതി വാദം തുടങ്ങി. വിചാരണ കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണമെന്ന്  ആവശ്യപ്പെട്ടാണ് ആന്റണി രാജു കോടതിയെ സമീപിച്ചത്. കേസിൽ വിശദമായ വാദം കേട്ട ശേഷം കോടതി വിധി പറയാനായി മാറ്റി വെച്ചു.

വാദം കേൾക്കുന്നതിനിടെ പ്രോസിക്യൂഷനോട് കോടതി നിർണ്ണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ചു. തൊണ്ടിമുതൽ ആര്, എവിടെ വെച്ച്, എപ്പോൾ അട്ടിമറിച്ചുവെന്നതിന് കൃത്യമായ തെളിവുണ്ടോ എന്ന് കോടതി ആരാഞ്ഞു. തൊണ്ടിമുതൽ കോടതിയിൽ നിന്ന് വാങ്ങുകയും തിരികെ നൽകുകയും ചെയ്തു എന്നത് കൊണ്ടുമാത്രം ആന്റണി രാജുവാണ് കൃത്രിമം കാട്ടിയതെന്ന് ഉറപ്പിക്കാൻ സാധിക്കുമോ എന്നും കോടതി ചോദിച്ചു. ഇതിനെല്ലാം സാഹചര്യ തെളിവുകൾ മാത്രമല്ലേ ഉള്ളൂ എന്നും കോടതി നിരീക്ഷിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്ന് കേസിലുണ്ടായിരുന്ന മുതിർന്ന അഭിഭാഷകനെ എന്തുകൊണ്ട് പ്രതിയാക്കിയില്ല എന്ന ചോദ്യവും കോടതി ഉയർത്തി.

ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ കോടതിയിൽ ശക്തമായി വാദിച്ചു. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തകർക്കുന്ന ഗൗരവകരമായ കുറ്റകൃത്യമാണിതെന്നാണ് സർക്കാർ പക്ഷം. അന്വേഷണ ഉദ്യോഗസ്ഥർ നിർണായകമായ പല കാര്യങ്ങളും അന്വേഷിച്ചില്ലെന്ന് ആന്റണി രാജുവും വാദത്തിനിടെ ചൂണ്ടിക്കാട്ടി.

1990-ൽ ലഹരിമരുന്ന് കേസിലെ പ്രതിയായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി കോടതിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കി കൃത്രിമം കാണിച്ചുവെന്നതാണ് കേസ്. ഈ കേസിൽ 2026 ജനുവരിയിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക