
വാഷിങ്‌ടോൻ, ഡി.സി: ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോവമിനെ പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച പുറത്താക്കി. പകരം ഒക്ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്‌വെയ്ൻ മള്ളിനെ നിയമിച്ചു . മാർച്ച് 31 നു അദ്ദേഹം ചാജെടുക്കും.
ഇത് വരെ കേൾക്കാത്ത പുതിയ ഒരു റോളും നോവമിനു പ്രസിഡന്റ് നൽകി. ഷീൽഡ് ഓഫ് ദി അമേരിക്കാസിന്റെ പ്രത്യേക പ്രതിനിധി. ഇത് പടിഞ്ഞാറൻ അർദ്ധഗോളത്തിന് ഒരു പുതിയ സുരക്ഷാ സംരംഭമാകുമെന്ന് പ്രസിഡന്റ് പറയുന്നു.
റിപ്പബ്ലിക്കനായ സെനറ്റർ മള്ളിനുമായി പ്രസിഡന്റ് അടുത്ത ബന്ധം പുലർത്തുകയും അദ്ദേഹവുമായി പതിവായി സംസാരിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റിന്റെ കടുത്ത ഇമ്മിഗ്രേഷൻ നയം നടപ്പിലാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് നോവം . വൈറ്റ് ഹൗസിലെ ഉന്നത ഉപദേഷ്ടാവായ സ്റ്റീഫൻ മില്ലറുടെ സ്വാധീനവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.
എന്നാൽ നിരവധി വിവാദങ്ങളാണ് നോവമിന്റെ കസേര തെറിപ്പിച്ചത്. ബുധനാഴ്ച സെനറ്റ് പാനലിന് മുമ്പാകെ നടന്ന വാദം കേൾക്കലിൽ, ഡിപ്പാർട്ട്മെന്റിന്റെ ഇമ്മിഗ്രേഷൻ വിരുദ്ധ പരസ്യം പ്രസിഡന്ടിന്റെ അറിവോടെയാണെന്ന് അവർ പറഞ്ഞു. പ്രസിഡന്റ് ഇത് നിഷേധിച്ചു. 220 മില്യൺ ഡോളറിന്റെ പരസ്യം അവരുടെ വക്താവിന്റെ മുൻ ഭർത്താവുമായി ബന്ധപ്പെട്ടയാൾക്കാണ് നൽകിയത്. അത് പോലെ നോവമും ഒരു സ്റ്റാഫുമായുള്ള ബന്ധവും ചോദ്യം ചെയ്യപ്പെട്ടു.
സുഹൃത്തായ നോവമിനെ വിളിക്കാൻ സമയം കിട്ടിയില്ലെന്ന് പുതിയ സെക്രട്ടറി മളിൻ പറഞ്ഞു. വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് അവരെ ഏൽപ്പിച്ചത്. പ്രത്യക സാഹചര്യങ്ങളിൽ അവർക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി അവർ ചെയ്തുവെന്ന് ഞാൻ കരുതുന്നു.