
ഐസിസി മെൻസ് ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിനു മറികടന്ന് ഇന്ത്യ ഫൈനലിൽ. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയ ലക്ഷ്യം ഇംഗ്ലണ്ടിന് തകർക്കാനായില്ല. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ തീപാറുന്ന പോരാട്ടമാണ് ആരാധകർ കണ്ടത്.
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.
വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. മലയാളി താരം സഞ്ജു സാംസന്റെ (89) തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിൽ ഇന്ത്യ പടുത്തുയർത്തിയ 253 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 246 റൺസിൽ അവസാനിച്ചു.
സെഞ്ചുറിയുമായി ജേക്കബ് ബെതൽ ഇംഗ്ലണ്ടിനായി ഒറ്റയ്ക്ക് നിന്ന് പൊരുതിയെങ്കിലും കലാശപ്പോരിലേക്ക് ടീമിനെ എത്തിക്കാൻ താരത്തിനായില്ല. കൂറ്റൻ വിജയ ലക്ഷ്യം മുൻപിൽ വെച്ചിട്ടും ഏഴ് റൺസിനാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെ തോൽപ്പിക്കാനായത്.
മലയാളി താരം സഞ്ജു ആണ് സെമി ഫൈനലിലെ കളിയിലെ താരം. സഞ്ജു സാംസണ്‍ നേടിയ 89 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 42 പന്തിലാണ് സഞ്ജു ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. ഇശാന്‍ കിഷന്‍ (18 പന്തില്‍ 39), ശിവം ദുബെ (25ല്‍ 43), ഹാര്‍ദിക് പാണ്ഡ്യ (12ല്‍ 27), തിലക് വര്‍മ (7ല്‍ 21) എന്നിവരും ഉജ്ജ്വല ബാറ്റിംഗ് കാഴ്ചവച്ചതോടെ ഇന്ത്യ 253 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.
എന്നാല്‍, അഭിഷേക് ശര്‍മ(ഏഴില്‍ ഒമ്പത്), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (ആറില്‍ 11) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സ്‌കോര്‍: ഇന്ത്യ- 253/7. ഇംഗ്ലണ്ട്: 246/7.
ഇന്ത്യയുടെ വന്‍ സ്‌കോറിന്റെ സമ്മര്‍ദമൊന്നും ഇംഗ്ലണ്ടിനുണ്ടായിരുന്നില്ല. ഇന്ത്യന്‍ ബൗളിംഗിനെ അടിച്ചുപരത്തിയ ജേക്കബ് ബെതേല്‍ ഒറ്റക്ക് ഇംഗ്ലണ്ടിനെ ജയിപ്പിക്കുമെന്ന് ഒരുഘട്ടത്തില്‍ തോന്നിയിരുന്നു. വെറും 48 പന്തില്‍ 105 റണ്‍സാണ് ബെതേല്‍ വാരിക്കൂട്ടിയത്. ബതേലിനെ ഹാര്‍ദിക് പാണ്ഡ്യ റണ്ണൗട്ട് ആക്കിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. 17 പന്തില്‍ 25 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍, വില്‍ ജാക്‌സ് (20ല്‍ 35) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ടോം ബാന്റണ്‍ 17ഉം സാം കറണ്‍ 18ഉം ജോഫ്ര ആച്ചര്‍ 19ഉം റണ്‍സ് നേടി. ഇംഗ്ലണ്ടിനായി വില്‍ ജാക്‌സും ആദില്‍ റാഷിദും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റെടുത്തു. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.