
ആധുനിക കാലത്ത് വർദ്ധിച്ചുവരുന്ന സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കെതിരെയും ശരീരത്തെ അമിതമായി ആരാധിക്കുന്ന 'ബോഡി കൾട്ടി'നെതിരെയും രൂക്ഷവിമർശനവുമായി വത്തിക്കാൻ. പ്രായമാകുമ്പോഴുണ്ടാകുന്ന മാറ്റങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും "മുഖത്ത് ചുളിവുകൾ വീണാലും ദൈവം നിങ്ങളെ സ്നേഹിക്കു'മെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ അംഗീകരിച്ച പുതിയ മാർഗരേഖയിൽ വ്യക്തമാക്കുന്നു.
പ്രകൃതിദത്തമായ സൗന്ദര്യത്തെ മാറ്റിമറിച്ച്, കൃത്രിമ രൂപം നേടിയെടുക്കാനുള്ള ശ്രമം മനുഷ്യന്റെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുമെന്ന് വത്തിക്കാന്റെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ പുറത്തിറക്കിയ രേഖ മുന്നറിയിപ്പ് നൽകുന്നു.
എപ്പോഴും ചെറുപ്പമായും സുന്ദരമായും ഇരിക്കണമെന്ന വാശി മനുഷ്യനെ 'അന്ധമായ ശരീര ആരാധന'യിലേക്ക് നയിക്കുന്നു. ഇത് ശരീരത്തെ വെറും ഉപഭോഗവസ്തുവായി കാണുന്ന രീതിയിലേക്ക് സമൂഹത്തെ മാറ്റുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
വാർദ്ധക്യത്തിന്റെ അടയാളങ്ങളെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നതിന് പകരം അവയെ ജീവിതാനുഭവങ്ങളുടെ അടയാളങ്ങളായി കണ്ട് സ്വീകരിക്കണം.അപകടങ്ങൾ മൂലമോ രോഗങ്ങൾ മൂലമോ ഉള്ള വൈകല്യങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയകളെ സഭ എതിർക്കുന്നില്ല. എന്നാൽ വെറും ബാഹ്യ മോടിക്കും അഹങ്കാരത്തിനും വേണ്ടിയുള്ള പ്ലാസ്റ്റിക് സർജറികൾ ഒഴിവാക്കണമെന്നാണ് വത്തിക്കാൻ ഉദ്ബോധിപ്പിക്കുന്നത്.
നിർമ്മിത ബുദ്ധിയും സാങ്കേതിക വിദ്യകളും മനുഷ്യശരീരത്തിൽ അനാവശ്യമായി ഇടപെടുന്നതിനെക്കുറിച്ചും വത്തിക്കാൻ ആശങ്ക പ്രകടിപ്പിച്ചു. കുറ്റമറ്റശരീരം വാഴ്ത്തപ്പെടുകയും മാനുഷിക പരിമിതികൾ, ക്ഷീണം, വാർദ്ധക്യം എന്നിവയുള്ളതിനാൽ യഥാർത്ഥ ശരീരം സ്നേഹിക്കപ്പെടാതെ പോവുകയും ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ ആശങ്കയുയർത്തുന്ന സാഹചര്യം.