Image

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുത് ; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published on 05 March, 2026
തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുത് ; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കീഴ്‌ക്കോടതി തെളിവുകള്‍ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത് ആന്റണി രാജുവിന്റെ വ്യക്തിപരമായ രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും അതുകൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വെള്ളിയാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. അതേസമയം ആരാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയത് എന്നതില്‍ വ്യക്തത വരുത്തണമെന്നും ആന്റണി രാജുവാണ് കൃത്രിമം നടത്തിയതില്‍ എന്താണ് തെളിവ് എന്നും കോടതി പ്രോസിക്യൂഷനോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മറുപടി സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയതോടെ ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 

ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരികെ നല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ജൂനിയര്‍ അഭിഭാഷകന്‍ ആയിരുന്ന ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതില്‍ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു. ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയ കേസില്‍ മൂന്നു വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്റണി രാജു അപ്പീല്‍ നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക