
ഖാലിസ്ഥാൻ വിഘടനവാദത്തെ ശക്തമായി വിമർശിച്ചിരുന്ന പഞ്ചാബി വനിതയെ കാനഡയിൽ കുത്തിക്കൊന്നു. ഒന്റേരിയോയിലെ വിൻഡ്‌സർ-എസെക്‌സ് മേഖലയിലുള്ള ലാസാലെ നഗരത്തിലെ വീട്ടിലാണ് നാൻസി ഗ്രീവാൾ (45) നിരവധി തവണ കുത്തേറ്റു മരിച്ചത്.
ബുധനാഴ്ച്ച രാത്രി 9:30നു ആയിരുന്നു ആക്രമണമെന്നു പോലീസ് പറഞ്ഞു. കൊലയാളിയെ കുറിച്ചു സൂചന ഒന്നുമില്ല.
പഞ്ചാബി പ്രവാസികൾക്കിടയിൽ അറിയപ്പെട്ട യൂട്യൂബറും ഇൻഫ്ളുവൻസറും ആയിരുന്നു ഗ്രീവാൾ. പ്രവാസി വിഷയങ്ങളും പഞ്ചാബി-ഇന്ത്യൻ രാഷ്ട്രീയവും അവരുടെ വിഷയങ്ങളായിരുന്നു.
തുറന്നെഴുതിയിരുന്നതു കൊണ്ട് അവർ ജനശ്രദ്ധ ആകർഷിച്ചു. ഖാലിസ്ഥാൻ തീവ്രവാദത്തെ നിരന്തരം വിമർശിച്ചിരുന്ന ഗ്രീവാൾ സിഖ്‌സ് ഫോർ ജസ്റ്റിസ് പാർട്ടി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെയും ലക്ഷ്യമാക്കിയെന്നു ഖൽസ വോക്‌സ് ചൂണ്ടിക്കാട്ടി.
ഗുരുദ്വാരകൾ വിഘടനവാദ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെയും ഗ്രീവാൾ എതിർത്തു. ഖാലിസ്ഥാനു പറയാനുളളത് ഇന്ത്യ ഗവൺമെന്റിനോടാണ് പറയേണ്ടത് എന്നായിരുന്നു അവരുടെ നിലപാട്. ലുധിയാന സ്വദേശിയായ അനിത അഗ്നിഹോത്രിയാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട നാൻസി ഗ്രീവാൾ ആയത്.
എന്നാൽ ഒറ്റപ്പെട്ട സംഭവമായാണ് ഇതിനെ കാണുന്നതെന്നു ലാ സാലെ പോലീസ് പറഞ്ഞു.
Critic of Khalistan stabbed to death in Canada