
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, നാറ്റോ അംഗരാജ്യമായ തുർക്കിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം. തുർക്കിയുടെ വ്യോമാതിർത്തിക്ക് സമീപം എത്തിയതായി റിപ്പോർട്ട് ചെയ്ത ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കാജനകമായിരിക്കുകയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് 1:53-ഓടെയാണ് സംഭവം. ഇറാനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ഇറാഖ്, സിറിയൻ വ്യോമാതിർത്തികൾ പിന്നിട്ട് തുർക്കിയിലേക്ക് കടക്കാൻ ശ്രമിക്കവേ നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർക്കുയായിരുന്നു.
ഇറാനും അമേരിക്ക-ഇസ്രായേലും തമ്മിലുള്ള നിലവിലുള്ള സംഘർഷത്തിൽ നാറ്റോ അംഗരാജ്യം നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമാണ് . ഇറാന്റെ അയൽരാജ്യമായ തുർക്കി, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തെത്തുടർന്ന്, സംഘർഷം കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് തുർക്കി എല്ലാ കക്ഷികൾക്കും മുന്നറിയിപ്പ് നൽകി.