
കോഴിക്കോട് : കുന്നമംഗലം നിയോജക മണ്ഡലത്തിലെ മാവൂരിൽ പുതുതായി അനുവദിച്ച ഫയർ സ്റ്റേഷൻ നാളെ വൈകിട്ട് 3-30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
2016 ജൂൺ 15ന് ഭിന്നശേഷിക്കാരനായ ഹനീഫയുടെ പെയിൻ്റ് നിർമ്മാണ യൂണിറ്റ് കത്തി നശിച്ചതോടെയാണ് മാവൂരിൽ ഒരു ഫയർ സ്റ്റേഷൻ എന്ന ആവശ്യം ഉയർന്നുവന്നത്.
മാവൂരിലെ വ്യാപാരികളും ഗ്രാമപഞ്ചായത്തും ഈ വിഷയത്തിൽ നൽകിയ നിവേദനങ്ങളെ തുടർന്ന് സർക്കാരിന് മുമ്പിൽ ഈ ആവശ്യം ഉയർത്തിയതോടെ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് മാവൂർ അനുയോജ്യമാണോ എന്ന പരിശോധനക്കായി ഫയർ & റെസ്ക്യൂ ഉദ്യോഗസ്ഥർ മാവൂർ സന്ദർശിക്കുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു. പിന്നീട് 2019 മെയ് മാസത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലെ തീരുമാനപ്രകാരം ഫയർ & റെസ്ക്യൂ ഡയറക്ടർ സംസ്ഥാനത്ത് പുതിയ ഫയർ സ്റ്റേഷനുകൾ ആരംഭിക്കുന്നതിനുള്ള 31 സ്ഥലങ്ങളുടെ മുൻഗണന ലിസ്റ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. ഇതിൽ പതിമൂന്നാം നമ്പറായി ഉൾപ്പെടുത്തിയതോടെ ഫയർ സ്റ്റേഷൻ എന്ന മാവൂരിൻ്റെ ആവശ്യത്തിന് പ്രതീക്ഷ കൈവന്നു. ശേഷം മാവൂരിൽ പുതിയ ഫയർ സ്റ്റേഷൻ തുടങ്ങുന്നതിന് തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ലഭിക്കണമെങ്കിൽ ആയത് പ്രവർത്തിപ്പിക്കുന്നതിനുള്ള താൽക്കാലിക സംവിധാനം ഏർപ്പെടുത്തണമെന്ന സർക്കാർ നിർദ്ദേശം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിച്ചെങ്കിലും ആയത് പൂർത്തിയാക്കാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞില്ല. ഇക്കാരണത്താൽ 2021 ഫെബ്രുവരിയിൽ സംസ്ഥാനത്ത് പുതുതായി 5 കേന്ദ്രങ്ങളിൽ ഫയർ സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ മാവൂരിനെ ഉൾപ്പെടുത്താൻ സാധിച്ചില്ല. എന്നാൽ ഈ സർക്കാർ ഉത്തരവിൽ മാവൂരിൽ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് തത്വത്തിൽ അനുമതി നൽകിക്കൊണ്ടുള്ള പരാമർശമുണ്ടായി. ഇതോടെ അത്യാവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തി താൽക്കാലിക സംവിധാനം ഒരുക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഫയർ സ്റ്റേഷൻ ഒരു സ്വപ്നമായി അവശേഷിക്കുമെന്ന അവസ്ഥ സംജാതമായി. തുടർന്ന് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് ചെലവഴിച്ച നാല് ലക്ഷം രൂപയും വ്യാപാരി വ്യവസായികൾ ലഭ്യമാക്കിയ രണ്ട്
ലക്ഷം രൂപയും ഉപയോഗപ്പെടുത്തി ഉണ്ടാക്കിയ സൗകര്യം തീർത്തും അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടതോടെ എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നുള്ള 40 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലയളവിൽ തന്നെ ആയത് പൂർത്തീകരിച്ചുവെങ്കിലും കെട്ടിട നമ്പറും ഒക്യുപൻസി സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിൽ കാലതാമസം വന്നു. പുതിയ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും കെട്ടിട നമ്പർ, കുടിവെള്ളം, വൈദ്യുതി എന്നിവയും ഒക്യുപൻസി സർട്ടിഫിക്കറ്റും ലഭ്യമാക്കുകയും ചെയ്തതോടെ ഫയർ സ്റ്റേഷൻ എന്ന ലക്ഷ്യത്തിന് ഗതിവേഗം കൈവന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട് നൽകിയ ബിൽഡിങ്, ഒക്യുപൻസി സർട്ടിഫിക്കറ്റുകൾ സഹിതം സൗകര്യങ്ങൾ പൂർണമായും ഒരുക്കിയ വിവരം സർക്കാരിൽ റിപ്പോർട്ട് ചെയ്തതോടെ ഫയർ & റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഇത് സംബന്ധിച്ച അനുകൂല റിപ്പോർട്ട് സർക്കാരിൽ സമർപ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ സർട്ടിഫിക്കറ്റുകൾ ലഭിച്ച് 33 ദിവസങ്ങൾക്കകം മാവൂരിൽ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് 18 പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ടും വാഹനങ്ങളും ഉപകരണങ്ങളും അനുവദിച്ചുകൊണ്ടും ഉള്ള സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ ഒരു പതിറ്റാണ്ടായുള്ള മാവൂരുകാരുടെ കാത്തിരിപ്പിന് വിരാമമാവുകയായിരുന്നു.
ഹനീഫയെന്ന ഭിന്നശേഷിക്കാരൻ്റെ കത്തിനശിച്ച പെയിൻ്റ് നിർമ്മാണ യൂണിറ്റിന്റെ ചാരത്തിൽ നിന്ന് ആരംഭിച്ച ഫയർസ്റ്റേഷനെന്ന മാവൂരുകാരുടെ സ്വപ്നം പൂവണിയിക്കുന്നതിൽ ഒരുപാട് പേരുടെ പിന്തുണയും സഹായവും ഉണ്ടായിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനം മാവൂരിലെ വ്യാപാരികളുടെ പങ്കാളിത്തമാണ്.