Image

ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങി: നൂറിലേറെ പേരെ കാണാതായി

Published on 04 March, 2026
ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങി: നൂറിലേറെ പേരെ കാണാതായി

ഡൽഹി: ശ്രീലങ്കൻ തീരത്തിനു സമീപം ഇറാനിയൻ നാവിക യുദ്ധക്കപ്പൽ മുങ്ങി അപകടം. അന്തർവാഹിനിയിൽ നിന്നുള്ള ആക്രമണമായിരിക്കാം കപ്പൽ തകരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കപ്പലിലുണ്ടായിരുന്ന നൂറിലധികം നാവികരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനിയൻ നാവികസേനയുടെ സതേൺ ഫ്ലീറ്റിൽപ്പെട്ട 'ഐറിസ് ദെന' എന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഗാലെ നഗരത്തിൽ നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ വെച്ച് പുലർച്ചെ 5.30-നാണ് കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചതെന്ന്  ശ്രീലങ്കൻ പ്രതിരോധ ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും സംയുക്തമായി രാവിലെ മുതൽ തിരച്ചിൽ തുടരുകയാണ്.

മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് 30 നാവികരെ രക്ഷപ്പെടുത്തി കരയിലേക്ക് എത്തിച്ചതായാണ് വിവരം. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. ദീർഘനേരം വെള്ളത്തിൽ കിടന്നതും ആക്രമണത്തിന്റെ ആഘാതവും ഇവരുടെ ആരോഗ്യനിലയെ ബാധിച്ചിട്ടുണ്ടെന്ന് മുതിർന്ന ശ്രീലങ്കൻ സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ ഗാലെയിലെ കറാപ്പിറ്റിയ ടീച്ചിംഗ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 100-നും 150-നും ഇടയിൽ ഉദ്യോഗസ്ഥരെ ഇനിയും കണ്ടെത്താനുണ്ടെന്ന് കൊളംബോയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക