Image

യുഎഇയിൽ കുടുങ്ങിയ 186 പ്രവാസികളുമായി പ്രത്യേക വിമാനം കൊച്ചിയിലെത്തി

Published on 04 March, 2026
യുഎഇയിൽ കുടുങ്ങിയ 186 പ്രവാസികളുമായി പ്രത്യേക വിമാനം കൊച്ചിയിലെത്തി

എറണാകുളം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് യുഎഇയിൽ കുടുങ്ങിയ പ്രവാസികളുമായി അക്ബർ ട്രാവൽസ് ഒരുക്കിയ പ്രത്യേക ചാർട്ടർ വിമാനം കൊച്ചിയിലെത്തി. ഫുജൈറയിൽ നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച പുലർച്ചെ 4.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. കുട്ടികൾ ഉൾപ്പെടെ 186 യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.

കൊച്ചിയിലെത്തിയ യാത്രക്കാരിൽ പ്രശസ്ത ചലച്ചിത്ര നടി സ്വാസികയും ഉൾപ്പെട്ടിരുന്നു. യുഎഇയിൽ നിലവിൽ ഭീതിപ്പെടുത്തുന്ന സാഹചര്യമില്ലെന്നാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

അതേസമയം പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടരുകയാണ്. ഇതിൻ്റെ ഭാഗമായി കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള 40 വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട 20 സർവീസുകളും കരിപ്പൂരിലേക്ക് എത്തിച്ചേരേണ്ട 20 സർവീസുകളുമാണ് മാറ്റിവച്ചത്. ജിദ്ദ, അബുദാബി, ദുബായ്, ദമ്മാം, ഷാർജ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങളാണ് പ്രധാനമായും റദ്ദാക്കപ്പെട്ടത്. 

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എമിറേറ്റ്സ്, ഫ്ലൈ ദുബായ് തുടങ്ങിയ കമ്പനികളുടെ സർവീസുകളാണ് മുടങ്ങിയത്. ഇറാൻ അടക്കമുള്ള രാജ്യങ്ങളുടെ വ്യോമപാത അടച്ചതാണ് സർവീസുകളെ സാരമായി ബാധിച്ചത്.

ഇതുവരെ മസ്കറ്റിൽ നിന്നുള്ള സലാം എയർ, റിയാദിൽ നിന്നുള്ള ഫ്ലൈനാസ് എന്നീ വിമാനങ്ങൾ മാത്രമാണ് കരിപ്പൂരിൽ എത്തിച്ചേർന്നത്. ഈ രണ്ട് വിമാനങ്ങളും വന്ന് തിരികെ പോയിട്ടുണ്ട്. യുദ്ധസാഹചര്യത്തിലും സലാം എയറും ഫ്ലൈനാസും കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുമെന്ന് അറിയിക്കുകയും ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയിരുന്നു. ചില ഘട്ടങ്ങളിൽ സർവീസ് ഷെഡ്യൂൾ ചെയ്ത ശേഷം പിന്നീട് റദ്ദാക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

സൗദി എയർലൈൻസ് റിയാദിൽ നിന്ന് ആഴ്ചയിൽ നാല് ദിവസം എന്ന രീതിയിൽ നിലവിൽ സർവീസ് നടത്തുന്നുണ്ട്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക