
മിഡിൽ ഈസ്റ്റിൽ പ്രസിഡന്റ് ട്രംപ് യുഎസ് കോൺഗ്രസിന്റെ അനുമതി കൂടാതെ ആരംഭിച്ച യുദ്ധം കോൺഗ്രസിൽ എതിർപ്പുയർത്തി. യുദ്ധം എന്തിന് എന്ന ചോദ്യമാണ് ഇരു കക്ഷികളും നിന്നുയരുന്നത്. ഡെമോക്രാറ്റുകൾ മാത്രമല്ല, ട്രംപിന്റെ രാഷ്ട്രീയ അടിത്തറ എന്നു കരുതപ്പെടുന്ന 'മാഗാ' വിഭാഗവും ഈ യുദ്ധത്തെ വിമർശിക്കുന്നു.
ആയത്തൊള്ള ഖമേനായി ഉൾപ്പെടെ ഇറാന്റെ ഉന്നത നേതൃത്വത്തെ തുടച്ചു നീക്കി എന്നതിനപ്പുറം യുഎസ്-ഇസ്രയേൽ സഖ്യം മറ്റൊരു പ്രഖ്യാപിത ലക്ഷ്യവും നേടിയിട്ടില്ല. ആണവ കേന്ദ്രങ്ങൾക്കു കാര്യമായ കേടുപാടുകൾ പോലും സംഭവിച്ചിട്ടില്ലെന്നു അന്താരാഷ്ട്ര ആണവ ഏജൻസി പറയുന്നു. ഇറാന്റെ വിപുലമായ മിസൈൽ ശേഖരം ഭദ്രമാണെന്നാണ് ഗൾഫിൽ നടക്കുന്ന ആക്രമണങ്ങൾ നൽകുന്ന സൂചന.
അതൊക്കെ സാധിക്കാൻ കരസേനയെ ഇറക്കുമോ എന്നു ചോദിച്ചപ്പോൾ അതും പരിഗണിക്കും എന്നാണ് ട്രംപ് പറഞ്ഞത്. പക്ഷെ കരയുദ്ധം കനത്ത വെല്ലുവിളിയാവുമെന്നും വേഗത്തിലൊന്നും തീരില്ലെന്നും ഉറപ്പാണ്. കാരണം, ഇറാൻ വിപ്ലവസേനയുടെ കരുത്ത് കരയുദ്ധത്തിലാണ് കാണുക. ഇറാഖ് അത് എട്ടു വർഷം കണ്ടതാണ്.
ആസൂത്രിത തന്ത്രമോ ലക്ഷ്യമോ ഇല്ലാതെയാണ് ട്രംപ് യുദ്ധത്തിനു പുറപ്പെട്ടതെന്നു ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തുന്നു. സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷൂമർ മാധ്യമങ്ങളോടു പറഞ്ഞു: "യുദ്ധത്തിനുള്ള ന്യായങ്ങൾ ശക്തമാണെങ്കിൽ അത് സ്ഥിരമാവണം. ഇവിടെ പക്ഷെ മണിക്കൂറുകൾ വച്ച് വാദങ്ങൾ മാറി വരികയാണ്.
"ഭരണമാറ്റം, ആണവായുധങ്ങൾ, മിസൈലുകൾ, പ്രതിരോധം, മുൻകരുതൽ..ഏതാണ് ശരി? വാദങ്ങൾ മാറുമ്പോൾ തന്ത്രം ഇല്ലെന്നു വ്യക്തമാവുന്നു. അതേ, തന്ത്രം ആവിഷ്കരിച്ചിട്ടില്ല."
സംഘർഷം നീണ്ടു പോയാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്നു ഷൂമർ പറഞ്ഞു. "എണ്ണ വില കുതിച്ചുയരുന്നു. വ്യക്തമായ ലക്ഷ്യങ്ങൾ ഇല്ലാത്ത യുദ്ധങ്ങൾ ചെറിയ തോതിൽ തീരില്ല. അവ വലുതായിക്കൊണ്ടിരിക്കും. രക്തച്ചൊരിച്ചിൽ രൂക്ഷമാവും, പണച്ചെലവ് ഏറെ വർധിക്കും."
യുദ്ധം തുടങ്ങിയതിനു പിന്നാലെ ആറു യുഎസ് സൈനികർ കൊല്ലപ്പെട്ടത് ഡെമോക്രാറ്റുകൾ എടുത്തുകാട്ടി.
കോൺഗ്രസിന്റെ അനുമതി വാങ്ങാതിരുന്നതിനെ സെനറ്റർ പാറ്റി മറെ വിമർശിച്ചു. "ഫ്ലോറിഡയിലെ ബീച്ച് ക്ളബ്ബിലിരുന്നു നമ്മുടെ പ്രസിഡന്റ് അദ്ദേഹത്തിനു ആവശ്യമെന്നു തോന്നിയ യുദ്ധത്തിലേക്കു നമ്മുടെ കുട്ടികളെ അയച്ചു. ഒരു വ്യക്തമായ ലക്ഷ്യങ്ങളും ഇല്ലാതെ. എന്നു തീരും എന്നും അറിയാതെ."
അമേരിക്കയിൽ വിലക്കയറ്റം ജനങ്ങൾക്കു താങ്ങാൻ കഴിയാത്ത നേരത്താണ് യുദ്ധത്തിനു പോയതെന്ന് അവർ ഓർമിപ്പിച്ചു. "നികുതി കൊടുക്കുന്നവരുടെ ബില്യണുകൾ എടുത്തു ചെലവാക്കി ഇറാനിൽ ബോംബിടാൻ പോയവർ മൂലം ആറു സൈനികരുടെ ജീവനാണ് നഷ്ടമായത്."
മിഡിൽ ഈസ്റ്റിലെ യുദ്ധങ്ങളിൽ നഷ്ടപ്പെട്ടിട്ടുള്ള പണത്തിന്റെ കണക്ക് മറക്കേണ്ട എന്ന് സെനറ്റർ ടിം കെയ്ൻ പറഞ്ഞു. “കാൽ നൂറ്റാണ്ടു മിഡിൽ ഈസ്റ്റിൽ യുദ്ധം ചെയ്തിട്ടും നമ്മൾ പഠിച്ചില്ലേ? യാതൊരു വ്യക്തമായ ധാരണയും ഇല്ലാത്ത യുദ്ധം സൈനികരെ കൂടുതൽ അപകടത്തിലാക്കുന്നു.”
ഇറാൻ അമേരിക്കയ്ക്ക് ഉടൻ ഭീഷണിയാകും എന്ന ട്രംപിന്റെ വാദത്തിനു തെളിവൊന്നും യുഎസ് ഹൗസിൽ കണ്ടില്ലെന്നു മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) പറഞ്ഞു. "തെളിവുണ്ടെങ്കിൽ അത് യുഎസിന് നൽകിയിട്ടില്ല."
യുദ്ധത്തിൽ അമേരിക്കൻ ജീവിതങ്ങൾ നഷ്ടപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "കോൺഗ്രസിനെ സമീപിക്കാതെ ഡോണൾഡ് ട്രംപ് ന്യായമില്ലാതെ അമേരിക്കയെ ഒരു മിഡിൽ ഈസ്റ്റ് യുദ്ധത്തിലേക്കു വലിച്ചിഴച്ചു. ഇതു ശുഭമായി തീരുകയില്ലെന്നു നമുക്കറിയാം."
മറ്റൊരു പത്ര സമ്മേളനത്തിൽ സെനറ്റ് മജോറിറ്റി ലീഡർ ജോൺ തൂൺ പക്ഷെ ട്രംപിനെ ശക്തമായി ന്യായീകരിച്ചു. "രാജ്യരക്ഷയ്ക്കു വേണ്ടി അദ്ദേഹത്തെ അധികാരം ഉപയോഗിച്ചു. ഈ കാര്യങ്ങൾ ചെയ്യാൻ പ്രസിഡന്റിനു അധികാരമുണ്ടെന്നാണ് ഞാൻ കരുതുന്നത്."
ഇറാനെപ്പോലെ അമേരിക്കൻ രക്തം കൈയ്യിൽ പുരണ്ട മറ്റൊരു രാജ്യവും ഇല്ലെന്നു അദ്ദേഹം വാദിച്ചു.
Trump’s Iran strike ignites Capitol Hill fight