
മിഡിൽ ഈസ്റ്റ് യുദ്ധം ഏറെ അപകടകരമായ ഘട്ടത്തിലേക്കു പ്രവേശിച്ചെന്നു അമേരിക്കൻ വാർത്താ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. പല പത്രങ്ങളും പല രീതിയിലാണ് യുദ്ധത്തെ നോക്കി കാണുന്നതെങ്കിലും ഇപ്പോൾ കാര്യങ്ങൾ എത്തി നിൽക്കുന്നത് ഗുരുതരമായ അവസ്ഥയിലാണ് എന്ന കാര്യത്തിൽ ഏകാഭിപ്രായമാണ്. യുഎസും ഇസ്രയേലും ഇറാനിൽ ആക്രമണം കടുപ്പിക്കുമ്പോൾ ഇറാൻ ഗൾഫിലും യുഎസ് സൈനിക താവളമുള്ള മറ്റു മേഖലകളിലും ശക്തമായ ആക്രമണം നടത്തുകയാണ്.
എന്താണ് യുദ്ധത്തിന്റെ ലക്‌ഷ്യം എന്ന കാര്യത്തിൽ യുഎസ് നേതൃത്വത്തിലുള്ള ചിന്താക്കുഴപ്പം പുറത്തുവന്നു കഴിഞ്ഞു. ഇറാനിൽ തീവ്രവാദി നേതൃത്വത്തിനു പകരം മിതവാദികൾ വരണം എന്നു ചൊവ്വാഴ്ച്ച പറഞ്ഞ പ്രസിഡന്റ് ട്രംപിനും അതെങ്ങിനെ സാധിക്കുമെന്നൊരു രൂപവുമില്ല. വേഗത്തിൽ യുദ്ധം തീരുമെന്ന് അദ്ദേഹവും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറയുന്നുണ്ട്. എട്ടു വര്ഷം ഇറാഖിനെ വെള്ളം കുടിപ്പിച്ച ഇറാൻ ആവട്ടെ, നീണ്ടു നിൽക്കുന്ന യുദ്ധത്തിനു തയ്യാറുമാണ്.
ന്യൂ യോർക്ക് ടൈംസ്, വോൾ സ്ട്രീറ്റ് ജേർണൽ എന്നീ പത്രങ്ങൾ യുഎസ് യുദ്ധത്തിനു പോയത് എന്തിനെന്ന ചോദ്യം വരെ ഉയർത്തുന്നു. വാഷിംഗ്‌ടൺ പോസ്റ്, യുഎസ്എ ടുഡേ എന്നിവ ആവട്ടെ, യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളാണ് ചർച്ച ചെയ്യുന്നത്. ഇറാന്റെ തിരിച്ചടി, അതു മൂലം യുഎസ് കോൺസലേറ്റുകളും എംബസികളും അടച്ചിടേണ്ടി വരുന്നത് ഇവയൊക്കെ അവർ ചൂണ്ടിക്കാട്ടുന്നു.
എണ്ണ വില കുതിച്ചുയരുന്നത് ന്യൂ യോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. യുദ്ധമേഖലയിൽ നിന്നു പൗരന്മാരെ ഒഴിപ്പിക്കാൻ രാജ്യങ്ങൾ പാടുപെടുകയാണ്. ആഗോള വിപണികൾ അസ്ഥിരതയിലാണ്.
ആറു യുഎസ് സൈനികർ മൂന്നു ദിവസത്തിനുള്ളിൽ തന്നെ കൊല്ലപ്പെട്ടതും ശ്രദ്ധേയമാണ്.
ഇറാന്റെ സുരക്ഷാ സംവിധാനത്തെ ആണ് യുഎസ്, ഇസ്രയേലി സേനകൾ ലക്‌ഷ്യം വയ്ക്കുന്നതെന്നു വോൾ സ്ട്രീറ്റ് ജേർണൽ പറഞ്ഞു. ആഭ്യന്തര കലാപം ഒതുക്കിയ സംഘടനകളെയും ആക്രമിക്കുന്നു. ജനങ്ങൾ തെരുവിലിറങ്ങി ഭരണ സംവിധാനത്തെ അട്ടിമറിക്കാൻ അപ്പോൾ തയാറാവും എന്നാണ് പ്രതീക്ഷ.
എന്നാൽ ആകാശ ആക്രമണങ്ങൾ കൊണ്ടു നേടാൻ കഴിയുന്ന ലക്ഷ്യമല്ല അതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചരിത്രത്തിൽ അങ്ങിനെയൊരു മാതൃകയില്ല.
യുദ്ധം ഇറാന്റെ അതിരുകൾക്കപ്പുറം വ്യാപിച്ചത് വളരെ വേഗത്തിലാണെന്നു വാഷിംഗ്‌ടൺ പോസ്റ്റ് ചൂണ്ടിക്കാട്ടി. ഗൾഫിൽ ആക്രമണം നടത്തിയ ഇറാന് യുഎസ് എംബസികളും കോൺസുലേറ്റുകളും അടപ്പിക്കാൻ കഴിഞ്ഞു.
പത്തു രാജ്യങ്ങളിലെങ്കിലും അടിക്കാൻ ഇറാന് കഴിഞ്ഞെന്നു പത്രം ചൂണ്ടിക്കാട്ടി.
മിഡിൽ ഈസ്റ്റിൽ നിന്ന് ആയിരക്കണക്കിന് യുഎസ് പൗരന്മാരെ ഒഴിപ്പിക്കേണ്ടി വന്നത് അമേരിക്കൻ താൽപര്യങ്ങൾക്കു കനത്ത തിരിച്ചടിയാണെന്ന് യുഎസ്എ ടുഡേ പറഞ്ഞു.
Iran war entering dangerous phase: US media