
അമേരിക്ക- ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പ്രാദേശിക യുദ്ധമായി പടരുന്ന പശ്ചാത്തലത്തിൽ, ഗൾഫ് മേഖലയിലെ ഒന്നിലധികം നയതന്ത്ര കാര്യാലയങ്ങൾ അമേരിക്ക അടച്ചുപൂട്ടി. അത്യാവശ്യ വിഭാഗത്തിൽപ്പെടാത്ത എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും അടിയന്തരമായി രാജ്യം വിടാൻ അമേരിക്ക ഉത്തരവിട്ടു. സുരക്ഷാ ഭീഷണികൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ കടുത്ത നടപടി.
ബഹ്‌റൈൻ, ജോർദാൻ, ഇറാഖ്, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരോടാണ് മടങ്ങാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ച നിർദ്ദേശിച്ചത്. പലയിടങ്ങളിലും എംബസി പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കുകയോ അല്ലെങ്കിൽ അടിയന്തര സേവനങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
പത്തോളം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് എത്രയും വേഗം പുറത്തുകടക്കാൻ തങ്ങളുടെ പൗരന്മാരോടും അമേരിക്ക ആവശ്യപ്പെട്ടു. എന്നാൽ വ്യോമപാതകൾ അടച്ചതുകാരണം പലരും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.