Image

ഇന്ത്യക്ക് ആവശ്യമെങ്കിൽ എണ്ണ നൽകാൻ തയ്യാറെന്ന് റഷ്യ

Published on 03 March, 2026
 ഇന്ത്യക്ക് ആവശ്യമെങ്കിൽ എണ്ണ നൽകാൻ തയ്യാറെന്ന്  റഷ്യ

ന്യൂഡൽഹി: ഗൾഫിലെ സംഘർഷ  സാഹചര്യത്തിൽ സഹായ വാഗ്ദാനവുമായി റഷ്യ രംഗത്ത്. ഇന്ത്യക്ക് ആവശ്യമെങ്കിൽ എണ്ണ നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ത്യ എണ്ണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നാലോ അഞ്ചോ ആഴ്തകൾ യുദ്ധം നീണ്ടു നിൽക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇങ്ങനെ വന്നാല്‍ ഇന്ത്യയുടെ നിലവിലെ എണ്ണ റിസർവ് പോരാതെ വരും. ഈ സാഹചര്യത്തിലാണ് റഷ്യയുടെ സഹായ വാഗ്ദാനം .

ആഗോള എണ്ണ വ്യാപാരത്തിന്റെ വലിയൊരു പങ്ക് നടക്കുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. മധ്യേഷ്യൻ എണ്ണയുടെ പ്രധാന വ്യാപാര മാർഗവും ഈ കടലിടുക്കാണ്. ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണയ്ക്കായി ആശ്രയിക്കുന്നത് മധ്യേഷ്യയെയാണ്. ഇവിടെ സംഭവിക്കുന്ന ഏതൊരു പ്രശ്നവും ഇന്ത്യയിൽ എണ്ണവില കൂടുന്നതിന് കാരണമാകും. ഇതിനകം തന്നെ ഉയർന്ന വില കൊടുത്ത് എണ്ണ വാങ്ങുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയായിരിക്കും പുതിയ പ്രശ്നങ്ങൾ.

ഹോർമൂസ് കടലിടുക്കിലെ നിരോധനം ലംഘിച്ച് ചില കപ്പലുകൾ കടക്കാൻ ശ്രമിച്ചപ്പോൾ ആക്രമണമുണ്ടായെന്നാണ് വിവരം. ഈ കപ്പലുകൾ ഇന്ത്യയിലേക്കുള്ളതല്ല. ഇന്ത്യയിലേക്കുള്ള നിരവധി കപ്പലുകൾ പലതരം ചരക്കുകളുമായി ഹോർമുസ് കടക്കാൻ കാത്തു കിടക്കുകയാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടം ഇവർക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇടപെടണമെന്ന ആവശ്യം ഈ കപ്പലുകളുടെ കമ്പനികളിൽ നിന്ന് വരുന്നുണ്ടെങ്കിലും മധ്യേഷ്യയിലെ സാഹചര്യങ്ങൾ നയതന്ത്ര ചർച്ചകൾക്ക് ഇനിയും പാകപ്പെട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക