
വാഷിംഗ്ടൺ : ഇറാനുമായി സംഘർഷം വഷളാകുന്നതിനിടെ സൗദി അറേബ്യയിലെയും കുവൈത്തിലെയും അമേരിക്കൻ എംബസികൾ അടച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. അതോടൊപ്പം മിഡിൽ ഈസ്റ്റിലെ 14 രാജ്യങ്ങളിൽ നിന്നു അമേരിക്കൻ പൗരന്മാർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പും നൽകി.
ഇതിനിടെ, ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് തെക്കൻ ലെബനനിലെ ചില തന്ത്രപ്രധാന പ്രദേശങ്ങൾ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരായ നടപടികളുടെ ഭാഗമായാണ് നീക്കമെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നത്. യുദ്ധത്തിന് സമാനമായ വ്യാപക പിടിച്ചെടുക്കലിന് ഇസ്രായേൽ തയ്യാറെടുക്കുകയാണോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
റിയാദിലെ യുഎസ് എംബസിയിൽ രണ്ട് ഡ്രോണുകൾ നടത്തിയതെന്ന് കരുതുന്ന ആക്രമണത്തിൽ ചെറിയ നാശനഷ്ടം സംഭവിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം കുവൈറ്റിലെ യുഎസ് എംബസി സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടുത്തം ഉണ്ടായതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആക്രമണങ്ങളുടെ ഉറവിടം വ്യക്തമായിട്ടില്ല.
സംഘർഷം വ്യാപകമാകുന്നതിന്റെ സൂചനയായി, ഖത്തർ പ്രതിരോധ മന്ത്രാലയം ഇറാനിൽ നിന്ന് വന്ന രണ്ട് യുദ്ധവിമാനങ്ങളെ തങ്ങളുടെ വ്യോമസേന വെടിവെച്ച് തകർത്തതായി അറിയിച്ചു. മിസൈലുകൾക്കും ഡ്രോണുകൾക്കും പുറമെ യുദ്ധവിമാനങ്ങളും ഇറാൻ വിന്യസിച്ചെന്ന ആദ്യ റിപ്പോർട്ടാണിത്.
ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടന്നുപോകില്ല എന്ന് ഇസ്ലാമിക റിവല്യൂഷനറി ഗാർഡ് കോർപ്സിലെ ഉന്നത ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ലോകത്തെ എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ കടലിടുക്കിലൂടെ കപ്പൽഗതാഗതം ഇതിനകം തന്നെ വല്ലാതെ കുറഞ്ഞിരിക്കുകയാണ്.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ യാത്രാ നിർദ്ദേശത്തിൽ ഇറാൻ, ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവയ്‌ക്കൊപ്പം ബഹ്റൈൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, കുവൈത്ത്, ലെബനൻ, ഒമാൻ, സിറിയ, യെമൻ, പലസ്തീൻ പ്രദേശങ്ങളും ഉൾപ്പെടുന്നു. കൂടാതെ ബഹ്റൈൻ, ഇറാഖ്, ജോർദാൻ, കുവൈത്ത്, ഖത്തർ, യുഎഇ എന്നീ ആറു രാജ്യങ്ങളിൽ നിന്നുള്ള അനിവാര്യരല്ലാത്ത ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്, ലെബനനിൽ കൂടുതൽ തന്ത്രപ്രധാന കേന്ദ്രങ്ങൾ കൈവശപ്പെടുത്താൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി പറഞ്ഞു. വടക്കൻ ഇസ്രായേലിൽ എയർ റെയ്ഡ് സൈറൺ മുഴങ്ങിയെങ്കിലും ഉടൻ മരണവാർത്തകളില്ല.
പ്രസിഡന്റ് ട്രംപ്, യുഎസ് സൈനിക നീക്കം തുടരുമെന്ന് സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകി. വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ, ഇനി കൂടുതൽ ശക്തമായ പ്രഹരങ്ങൾ ബാക്കിയുണ്ട് എന്നും വ്യക്തമാക്കി.
ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് മുകളിലേക്ക് ഉയർന്നു. 2024 മുതൽക്കുള്ള ഉയർന്ന നിരക്കാണിത്. പ്രകൃതിവാതക വിലയും രണ്ടാമത്തെ ദിവസവും ഉയർന്നു. ഊർജ്ജവിപണി, യാത്ര, വിതരണ ശൃംഖലകൾ എന്നിവയിൽ സാമ്പത്തിക ആഘാതം ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്.
ശനിയാഴ്ച നടന്ന അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിൽ അലി ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം ഇറാൻ നടത്തിയ തിരിച്ചടികളിൽ ആറ് അമേരിക്കൻ സൈനികർ മരിച്ചതായി പെന്റഗൺ അറിയിച്ചു. ഇറാന്റെ റെഡ് ക്രസന്റ് സൊസൈറ്റി പറയുന്നത്, യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം മരണസംഖ്യ 787 ആയി ഉയർന്നുവെന്നാണ്. ലെബനനിൽ കുറഞ്ഞത് 31 പേരും ഇസ്രായേലിൽ 10 പേരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു; ഗൾഫ് രാജ്യങ്ങളിലായി ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ, ജർമ്മൻ ചാൻസലർ ഫ്രെഡ്റിക്ക് മേഴ്സുമായി ട്രംപ് വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. മുമ്പേ നിശ്ചയിച്ചിരുന്ന ഈ കൂടിക്കാഴ്ചയിൽ ഇറാൻ വിഷയമാണ് പ്രധാന അജണ്ടയാകുമെന്ന് പ്രതീക്ഷിക്കുന്നു.