
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയും മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു. കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ. ശൈലജ മത്സരിച്ചിരുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ് പേരാവൂർ.
മട്ടന്നൂരിൽ സീറ്റ് ലഭിക്കാതെ വന്നതോടെ കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കാൻ സന്നദ്ധ അറിയിക്കുകയായിരുന്നു.
സി.പി.എമ്മിന്റെ ഈ തീരുമാനം പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, മട്ടന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ കെ കെ ശൈലജയ്ക്ക് അതൃപ്തിയുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. രണ്ട് തവണ മത്സരിച്ചവർ പട്ടികയിൽ ഉണ്ടല്ലോ എന്നും തന്നെ മാറ്റിയത് എന്തിനെന്നും അവർ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ ചോദ്യമുന്നയിച്ചിരുന്നു.
കണ്ണൂർ ജില്ലയിലെ യു.ഡി.എഫിന്റെ ശക്തമായ കോട്ടകളിൽ ഒന്നായാണ് പേരാവൂർ കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മൂന്ന് തവണയായി കോൺഗ്രസിന്റെ സണ്ണി ജോസഫ് ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എന്നാൽ, കെ.കെ. ശൈലജയെപ്പോലൊരു കരുത്തുറ്റ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിലൂടെ മണ്ഡലം ഇടത് പക്ഷത്തേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.