
ഗൾഫിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ചു തുടങ്ങിയ ഇറാൻ തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ യുഎസ് എംബസിയിൽ രണ്ടു ഡ്രോണുകൾ അടിച്ചു. അതേ തുടർന്നു എംബസി ഫലത്തിൽ അടച്ചിട്ടു.
ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായി.
റിയാദിൽ നടന്ന ആക്രമണത്തിൽ എംബസി കെട്ടിടത്തിനു ചെറിയ തോതിൽ കേടുപറ്റിയെന്നു പ്രതിരോധ വകുപ്പ് അറിയിച്ചു. റിയാദിന്റെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. എംബസിയിൽ ആരും ഉണ്ടായിരുന്നില്ല.
ഉഗ്ര സ്ഫോടനം കേട്ടുവെന്നു മൂന്നു പേർ റോയിട്ടേഴ്‌സ് വാർത്താ ഏജന്സിയോടു പറഞ്ഞു.
നാലു ഡ്രോണുകൾ തടഞ്ഞുവെന്നു സൗദി സൈനിക വൃത്തങ്ങൾ പറഞ്ഞു.
എംബസി ജീവനക്കാർ സുരക്ഷിതമായി വീട്ടിൽ തന്നെ ഇരിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. റിയാദ്, ജിദ്ദ, ഡഹറൻ നഗരങ്ങളിലുള്ള അമേരിക്കൻ പൗരന്മാർക്കും അത്തരം നിർദേശം നൽകി.
എംബസിയിലെ എല്ലാ സേവനങ്ങളും നിർത്തി വച്ചതായും അറിയിപ്പുണ്ട്.
ബഹ്‌റൈനിൽ ഷെയ്ഖ് ഇസ മേഖലയിലെ യുഎസ് താവളത്തിൽ വീണ്ടും ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവ ഗാർഡുകൾ തന്നെയാണ് അറിയിച്ചത്.
ഇരുപതോളം ഡ്രോണുകൾ അടിച്ചെന്നു അവർ പറഞ്ഞു. മൂന്നു മിസൈലുകളും. ബെയ്‌സിലെ മുഖ്യ കമാൻഡ് സെന്റർ തകർത്തു.
കുവൈറ്റിലെ എംബസി പൂട്ടി
കുവൈറ്റിൽ യുഎസ് എംബസി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. 'പ്രാദേശിക സംഘർഷം മൂലം' എന്നാണ് വിശദീകരണം.
എംബസി ജീവനക്കാർ സുരക്ഷിതമായ ഇടങ്ങളിൽ തന്നെ കഴിയണം എന്നും നിർദേശിച്ചിട്ടുണ്ട്. എല്ലാ അമേരിക്കൻ പൗരന്മാർക്കും അത് ബാധകമാണ്.
ആമസോണിനു നേരെ
യു എ ഇയിൽ ആമസോണിന്റെ രണ്ടു ഡാറ്റ സെന്ററുകൾ ആക്രമിക്കപ്പെട്ടു. ബഹ്‌റൈനിൽ സമീപത്തുള്ള ഒരു കെട്ടിടത്തിനു നേരെ ഉണ്ടായ ആക്രമണം ആമസോൺ കേന്ദ്രത്തെയും ബാധിച്ചതായി അറിയിപ്പിൽ പറയുന്നു.
ഹോർമുസ് അടച്ചെന്നു സ്ഥിരീകരണം
സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചെന്നു ഇറാൻ വിപ്ലവ സേന അറിയിച്ചു. അതിലെ സഞ്ചരിക്കാൻ ശ്രമിക്കുന്നത് അപകടമാണെന്നു താക്കീതും നൽകിയിട്ടുണ്ട്.
വിപ്ലവ സേന ഹോർമുസിൽ കപ്പലുകൾ കത്തിക്കുമെന്നു ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം ജബ്ബാറി പിറന്ന ടെലിവിഷനിൽ പറഞ്ഞു. "ഈ വഴി ആരും വരരുത്."
US embassies closed in Saudi, Kuwait