Image

ബിജെപിയോട് തോൽക്കുമെന്ന് ഭയം ; നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ്സ് ; മത്സരിക്കാന്‍ മുതിർന്ന നേതാക്കൾക്കും വിമുഖത

Published on 03 March, 2026
ബിജെപിയോട് തോൽക്കുമെന്ന് ഭയം ; നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ്സ് ; മത്സരിക്കാന്‍ മുതിർന്ന നേതാക്കൾക്കും വിമുഖത

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന, ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. മുമ്പ് ഒ രാജഗോപാലിലൂടെ ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നതും നേമത്താണ്. വി ശിവന്‍കുട്ടിയെ നിര്‍ത്തി സിപിഎം നേമം മണ്ഡലം പിടിക്കുകയായിരുന്നു. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിട്ടും നേമത്ത് പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമായിട്ടും നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വിമുഖത കാണിക്കുകയാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് മണ്ഡലങ്ങളില്‍ ടിക്കറ്റ് തേടുന്ന നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസില്‍ നിന്നുള്ള തിരിച്ചടി ഭയന്ന് നേമത്ത് മത്സരിക്കാന്‍ മടിക്കുന്നതായിട്ടാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ 60,000 ത്തിലധികം വോട്ടുകള്‍ നേടിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രി വി ശിവന്‍കുട്ടിയെ തന്നെയാകും സിപിഎം സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുക.

2016 ല്‍ ബിജെപി ആദ്യമായി വിജയിച്ച നിയമസഭാ സീറ്റാണ് നേമം. പ്രതിപക്ഷമായ യുഡിഎഫ് അവരുടെ ചെറിയ സഖ്യകക്ഷിക്കായിരുന്നു അന്ന് സീറ്റ് നല്‍കിയത്. ബിജെപിയുടെ അപ്രതീക്ഷിത വിജയത്തോടെ രാഷ്ട്രീയമായ ഹൈ വോള്‍ട്ടേജ് മണ്ഡലമായി പിന്നീട് നേമം മാറി. അന്ന് സിപിഎമ്മിന്റെ വി ശിവന്‍കുട്ടിയെയാണ് ബിജെപിയിലെ ഒ രാജഗോപാല്‍ തോല്‍പ്പിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും സ്ഥാനാര്‍ത്ഥിയാക്കി. സിപിഎമ്മിന്റെ വി ശിവന്‍കുട്ടി വിജയിച്ചു. അതേസമയം കെ മുരളീധരന്‍ നേടിയ 36,524 വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി.

സംഘപരിവാര്‍ ഇത് വളരെ ഗൗരവമായി എടുക്കുകയും മുരളീധരനെ ലക്ഷ്യം വയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ ആര്‍എസ്എസ് നേതാക്കള്‍ ഈ ആരോപണം നിഷേധിക്കുകയാണ്. നേമത്ത് ബിജെപിയുടെ പരാജയത്തിലേക്ക് നയിച്ചത് യുഡിഎഫ് നേടിയ വോട്ടുകളാണെന്ന് അന്ന് പല സംഘപരിവാര്‍ നേതാക്കളും ഞങ്ങളോട് സമ്മതിച്ചിരുന്നുവെന്ന് ഒരു കെപിസിസി ഭാരവാഹി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ആവശ്യമുള്ള ഒരു തെരഞ്ഞെടുപ്പില്‍, സംഘപരിവാര്‍ ലക്ഷ്യമിടുന്നത് അത്ര സുഖകരമായ കാര്യമല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആ ശ്രമം വിജയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രാദേശിക യുവ നേതാവിനെ സ്ഥാനാര്‍ത്ഥി ആക്കിയേക്കാമെന്നാണ് സൂചന. അതേസമയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന സിപിഎം, ശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയില്ലെങ്കില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ഒത്തുകളിച്ചെന്ന ആരോപണം ഉയര്‍ത്തുമെന്നുറപ്പാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക