Image

കുവൈറ്റിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ആറായെന്നു സെന്റ്‌കോം (പിപിഎം)

Published on 03 March, 2026
 കുവൈറ്റിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ആറായെന്നു സെന്റ്‌കോം (പിപിഎം)

ഇറാന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ആറായി ഉയർന്നു. കുവൈറ്റിലെ ശുഐബ സിവിലിയൻ പോർട്ടിൽ യുഎസ് സേനയുടെ താത്കാലിക ക്യാമ്പിൽ ഞായറാഴ്ച്ച രാവിലെ ഉണ്ടായ ആക്രമണത്തിൽ നാലു പേര് മരിച്ചെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.    

എന്നാൽ രണ്ടു പേർ കൂടി മരിച്ചിട്ടുണ്ടെന്നു തിങ്കളാഴ്ച്ച ഉച്ചയ്ക്ക് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) വെളിപ്പെടുത്തി. ഒട്ടേറെ ആളുകൾ ഉണ്ടായിരുന്ന തുറമുഖത്തെ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ നിന്നു രണ്ടു ജഡങ്ങൾ വൈകി കണ്ടെത്തി എന്നാണ് സി എൻ എൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ആകാശപ്രതിരോധനം തുളച്ചു ഒരു ഡ്രോൺ തുറമുഖത്തു അടിച്ചെന്നു യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് പറഞ്ഞു.

ഞായറാഴ്ച്ച രാവിലെ 9 മണിക്കാണ് ആക്രമണം ഉണ്ടായത്. മുന്നറിയിപ്പൊന്നും ഇല്ലാതെ പൊടുന്നനെ ആയിരുന്നു ആക്രമണം.

ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി എന്ന സൈനിക നടപടിയിൽ യുഎസ് സൈനികർ കൊല്ലപ്പെടാമെന്നു പ്രസിഡന്റ് ട്രംപും ഹേഗ്സേത്തും പറഞ്ഞിരുന്നു. എന്നാൽ ശനിയാഴ്ച്ച  ആരംഭിച്ച യുദ്ധത്തിൽ ഞായറാഴ്ച്ച തന്നെ ആറു യുഎസ് സൈനികർ കൊല്ലപ്പെട്ടത് ഏറെ വിശദീകരണം ആവശ്യപ്പെടുന്ന ദുരന്തമാണ്. 

ഇതു വരെ 18 യുഎസ് സൈനികർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും സെന്റ്‌കോം വെളിപ്പെടുത്തി.

ഒഴിഞ്ഞു പോകാൻ നിർദേശം

ഒരു ഡസൻ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അമേരിക്കൻ പൗരന്മാർക്ക് നിർദേശം നൽകി. "ഉടൻ ഒഴിഞ്ഞു പോകുക" എന്നാണ് നിർദേശം.

ഇസ്രയേൽ, ഇറാൻ, ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, വെസ്റ്റ് ബാങ്ക്, ഗാസ, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, യു എ ഇ, യെമെൻ എന്നീ പ്രദേശങ്ങൾ സുരക്ഷിതമല്ലാത്തതിനാൽ ഉടൻ സ്ഥലം വിടാൻ ('DEPART NOW') നിർദേശിച്ചു എക്‌സ് സോഷ്യൽ മീഡിയയിൽ നിർദേശം നൽകിയത് അസിസ്റ്റന്റ് സെക്രട്ടറി മോറ നാംദാർ ആണ്.

Death toll of US troops rise in Kuwait

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക