Image

ദുബായ് വിമാനത്താവളത്തിൽ സർവീസുകൾ ഭാഗീകമായി പുനരാരംഭിച്ചു; എമിറേറ്റ്സും ഇത്തിഹാദും ഘട്ടംഘട്ടമായി പറക്കും

Published on 02 March, 2026
ദുബായ് വിമാനത്താവളത്തിൽ സർവീസുകൾ ഭാഗീകമായി പുനരാരംഭിച്ചു; എമിറേറ്റ്സും ഇത്തിഹാദും ഘട്ടംഘട്ടമായി പറക്കും

യുഎഇ : യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അടച്ചുപൂട്ടിയ ദുബായ് വിമാനത്താവളത്തിൽ ഭാഗിക സർവീസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ യുഎഇ ആസ്ഥാനമായ എമിറേറ്റ്സും എത്തിഹാദ് എയർവേസും തിങ്കളാഴ്ച വൈകിട്ട് മുതൽ പരിമിതമായ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പൂർണമായി സാധാരണ നിലയിൽ സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായി പ്രഖ്യാപിച്ചിട്ടില്ല.

മുമ്പ് ബുക്ക് ചെയ്ത യാത്രക്കാരെ മുൻഗണന നൽകി ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. പുനർബുക്കിംഗ് ലഭിച്ച യാത്രക്കാരെ കമ്പനി നേരിട്ട് ബന്ധപ്പെടും. എയർലൈൻ സ്ഥിരീകരണം ലഭിക്കാതെ വിമാനത്താവളത്തിലേക്ക് വരരുത് എന്നും കമ്പനി അറിയിച്ചു. നിലവിൽ മറ്റു സർവീസുകൾ അടുത്ത അറിയിപ്പ് വരെയും നിർത്തിവെച്ചിരിക്കുകയാണെന്നും, സാഹചര്യം നിരീക്ഷിച്ച് ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തുമെന്നും എമിറേറ്റ്സ് വ്യക്തമാക്കി.

ഇതിനിടെ ഇത്തിഹാദ് എയർവേയ്സ് ചില റീപോസിഷനിംഗ്, കാർഗോ സർവീസുകൾ  യുഎഇ അധികാരികളുമായി ഏകോപിപ്പിച്ച് കർശന സുരക്ഷാനുമതികളോടെ നടത്തുമെന്ന് അറിയിച്ചു.

പ്രത്യേക സർവീസുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.  ഗൾഫ് മേഖലയിലുടനീളം മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് വ്യോമമേഖലകൾ അടച്ചുപൂട്ടിയ പശ്ചാത്തലത്തിലാണ് ഭാഗികമായി ഇവ പുനരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടി നടത്തിയതോടെ നിരവധി വിമാനത്താവളങ്ങൾക്കും കേടുപാടുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ദുബായ്, അബുദാബി, ദോഹ തുടങ്ങിയ അന്താരാഷ്ട്ര ട്രാൻസിറ്റ് ഹബ്ബുകളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര ഹബ്ബായ ദുബായ് ഇന്റർനാഷണൽ സുരക്ഷാ ആശങ്കകളെത്തുടർന്ന് സാധാരണ സർവീസുകൾ നിർത്തിവെച്ചിരുന്നു. ഗൾഫ് കേന്ദ്രങ്ങളിലൂടെ ഏഷ്യ-യൂറോപ്പ്-ആഫ്രിക്ക-അമേരിക്കകൾ ബന്ധിപ്പിക്കുന്ന ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് തുടങ്ങിയ കമ്പനികളുടെ ആഗോള സർവീസുകൾക്കും ഇതുവഴി തിരിച്ചടിയുണ്ടായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക