
ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം . ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണെന്നും ഐആർജിസിക്ക് ഇനി ഒരു ആസ്ഥാനമില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരെ ഐആർജിസി വധിച്ചിട്ടുണ്ടെന്നും, ഇന്നലത്തെ ആക്രമണത്തിലൂടെ 'പാമ്പിന്റെ തല വെട്ടിമാറ്റി' എന്നും സെൻട്രൽ കമാൻഡ് നീക്കത്തെ വിശേഷിപ്പിച്ചു.
യുദ്ധം ഒരു മാസം വരെ നീണ്ടുനിൽക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ പരമോന്നത നേതാവിനെ വധിച്ചുകൊണ്ട് ശനിയാഴ്ചയാണ് അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കം ആരംഭിച്ചത്. ഇതിന് മറുപടിയായി മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
കടുത്ത ആക്രമണങ്ങൾക്കിടയിലും ഇറാൻ പ്രതിരോധ നിലപാടാണ് പരസ്യമായി സ്വീകരിക്കുന്നത്. എന്നാൽ ഇറാന്റെ നിലവിലെ നേതൃത്വം ചർച്ചയ്ക്ക് താല്പര്യപ്പെടുന്നുണ്ടെന്ന് ട്രംപ് ദ അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു, എങ്കിലും ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പെന്റഗൺ സ്ഥിരീകരിച്ചു. മറ്റ് ചിലർക്ക് നിസ്സാര പരിക്കുകളും ഏറ്റിട്ടുണ്ട്.