
ടെഹ്‌റാൻ: ആയത്തുള്ള അലി ഖമനേയിയുടെ വിയോഗത്തിന് കനത്ത പ്രഹരം നൽകാൻ ഇറാൻ. ഇതിന്റെ ഭാഗമായി ഖ്വാമിലെ ജംകരാൻ പള്ളിക്ക് മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന കൊടി ഉയർത്തി ഇറാൻ ലോകത്തിന് മുന്നറിയിപ്പ് നൽകി. ശത്രുക്കൾ ചിന്തിയ രക്തത്തിന് പകരം ചോദിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് ‘യാ ലാ തരത് അൽ ഹുസൈൻ’ എന്ന് രേഖപ്പെടുത്തിയ ഈ ചുവന്ന പതാക.
പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായാണ് പള്ളിമിനാരത്തിന് മുകളിൽ ചെങ്കൊടി ഉയർത്തുന്നത്. ഷിയാ പാരമ്പര്യം അനുസരിച്ച് ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്നതിന്റെ മതപരവും സൈനികവുമായ പ്രതീകമാണ് ചുവന്ന പതാക. പരമോന്നത നേതാവിന്റെ രക്തത്തിന് പകരം ചോദിക്കാൻ ശക്തമായ ആക്രമണത്തിനാണ് ഇറാൻ ഒരുങ്ങുന്നത് എന്നാണ് വിലയിരുത്തൽ.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യശക്തികളെ പശ്ചിമേഷ്യയിൽ നിന്ന് തുടച്ചുനീക്കാനുള്ള ഇറാന്റെ സൈനിക നീക്കങ്ങളുടെ തുടക്കമായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ പതാക ഉയർത്തലിനെ കാണുന്നത്.
മുമ്പ് ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷവും ഇസ്മായിൽ ഹനിയയുടെ രക്തസാക്ഷിത്വത്തിന് ശേഷവും ഇറാൻ ഇത്തരത്തിൽ ചുവന്ന കൊടി ഉയർത്തുകയും മിസൈൽ വർഷത്തിലൂടെ ശത്രു കേന്ദ്രങ്ങളെ വിറപ്പിക്കുകയും ചെയ്തിരുന്നു.