Image

ഏദനിലെ താമസക്കാർ (നോവല്‍-5 : ലൈല അലക്‌സ്)

Published on 01 March, 2026
ഏദനിലെ താമസക്കാർ (നോവല്‍-5 : ലൈല അലക്‌സ്)

വനജ വീട്ടിൽ ചെന്ന് കയറുമ്പോൾ ബാലൻ പിള്ള ഓടിച്ചെന്നു.
'എന്താ കുഞ്ഞേ… അവിടെ?  ഗേറ്റ് പൂട്ടിയിരിക്കയായിരുന്നതുകൊണ്ടു ഒന്നും അറിയാൻ കഴിഞ്ഞില്ല. അവിടെ ആർക്കെങ്കിലും അസുഖം? ആ സാറിന് വല്ലതും?'
'ഏയ്... ഒന്നുമില്ല.'
'കുഞ്ഞിൻറെ മുഖമെന്താ വല്ലാതെയിരിക്കുന്നത്?' 
ഒന്നും പറയാതെ വനജ അകത്തേക്ക് പോയി.  എന്തുപറയണമെന്നു അവൾക്കു അറിയില്ലായിരുന്നു 
കിടക്കമുറിയിൽ ചെന്ന്, വനജ ഫാൻ ഓൺ ചെയ്തു. അവളെ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. 
എന്താണ് നടന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു അവൾ. സാറാക്കുട്ടിയെ യാത്ര അയക്കാൻ പുറത്തേക്കിറങ്ങിയത് മുതലുള്ള കാര്യങ്ങൾ ഒന്നൊന്നായി ഓർത്തു നോക്കി. വാട്ടറിങ് കാനെടുത്തു ചില ചെടികൾക്ക് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബീന പുറത്തേക്കു ഓടി ഇറങ്ങുന്നത് കണ്ടത്. ആ ധൃതിയും, അവളുടെ അലക്ഷ്യമായ വേഷവും കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു തോന്നി. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ അങ്ങോട്ടേക്ക് ഓടുകയായിരുന്നു. പ്രത്യേകിച്ച് ബീനയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട്… 
മലേഷ്യയിലെ മുന്തിയ ബിസിനസുകാരൻറെ മകളുമായുള്ള വിവാഹാലോചന എബിയ്ക്കു വന്നപ്പോൾ തന്നെ  വിവരങ്ങൾ എല്ലാം വിശദമായി റീത്താമ്മ ച്ചി മമ്മയോട് പറഞ്ഞതാണ്. 
'നന്നായി... ആ രാജുവിൻറെ ബാധ്യതകൾ കുറെ ഇനി എബി ഏറ്റെടുക്കുമല്ലോ...' മമ്മ റീത്താമ്മ ച്ചിയോട് പറഞ്ഞതും വനജ ഓർത്തു.
പിന്നെ രാജീവ് പറഞ്ഞറിഞ്ഞു ആ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തതാണെന്നും, അതെ തുടർന്ന് ആ കുട്ടിക്ക് കടുത്ത വിഷാദരോഗം ബാധിച്ചിരുന്നു എന്നും. ഡോക്ടറായ എബിയ്ക്ക് ഡിപ്രഷനെക്കുറിച്ചു ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ എന്നും....
ആ കഥകളൊക്കെ അറിയാമായിരുന്നതുകൊണ്ടാണ് ബീനയെ അങ്ങനെ കണ്ടപ്പോൾ ഓടിച്ചെന്നത്.
എന്തിനാണ് ബീന പറഞ്ഞത് താൻ അവിടെ അവളെ അപായപ്പെടുത്താൻ പതുങ്ങി ഇരിക്കുകയായിരുന്നെന്ന്? എന്തിനാണ് അങ്ങനെ ഒരു നുണ പറയുന്നത്? എബിയോടൊപ്പം ഒന്ന് രണ്ടു തവണ കണ്ടിട്ടുള്ളതല്ലാതെ ഒരു അടുപ്പവും ബീനയുമായി വനജയ്ക്കില്ല. അപ്പോൾ പിന്നെ, എന്തെങ്കിലും വിരോധം കൊണ്ട് പറഞ്ഞതാണെന്ന് കരുതാൻ വയ്യ. ഒരു പരിചയവും ഇല്ലാത്ത ഒരാളെക്കുറിച്ചു അങ്ങനെ ഒരു ആരോപണം ആരെങ്കിലും പറയുമോ?   
അതിലും വിചിത്രമാണ് ആ ഗേറ്റിൻറെ കാര്യം. ആ ഗേറ്റിൽകൂടി താൻ അകത്തു കടന്നതിനു ശേഷം ആരാണ് ആ ഗേറ്റ് പൂട്ടിയത്? റീത്താമ്മച്ചിയുടെയും സുമയുടെയും മുഖത്തു കണ്ട സംശയഭാവം വനജയെ വല്ലാതെ വിഷമിപ്പിച്ചു. താൻ പറഞ്ഞത് അവർ വിശ്വസിച്ചിട്ടില്ലെന്നു അവരുടെ മുഖം വ്യക്തമാക്കിയിരുന്നു.  
വനജയ്ക്കു ദേക്ഷ്യവും സങ്കടവും കൂടിക്കൂടി വന്നു. 
ആദ്യത്തെ അന്ധാളിപ്പ് ഒന്ന് മാറിയപ്പോൾ രാജീവനെ വിളിച്ചു പറയാനാണ് വനജയ്ക്കു തോന്നിയത്. അതിനായി ഫോൺ കയ്യിലെടുക്കയും ചെയ്തതാണ്. പക്ഷെ ഒന്നാലോചിച്ചപ്പോൾ പിന്നെ ആകാമെന്ന് വെച്ചു.
ഈയിടെയായി എന്തൊക്കെയോ ബിസിനസ് കാര്യങ്ങൾ രാജീവനെ അലട്ടുന്നുണ്ടെന്ന് അവൾക്കു അറിയാമായിരുന്നു. അതിൻറെ കൂടെ ഇതും… വേണ്ട..., ഓഫിസിൽ തിരക്കുള്ള സമയത്തു വിളിച്ചു പറയുന്നത് ശരിയല്ല. വൈകുന്നേരം വീട്ടിൽ വരുമ്പോൾ പറയാമല്ലോ അവൾ ഫോൺ തിരികെ വെച്ചു.
രാജീവൻ വൈകുന്നേരം വരുന്നതുവരെയും വനജ മുറിയിൽ തന്നെ ആയിരുന്നു. 
'വിശക്കുന്നില്ല... നല്ല തലവേദന...' ഊണ് കഴിക്കാൻ വിളിക്കാൻ ചെന്ന സുഭദ്രയെ അവൾ മടക്കി അയച്ചു. 
സ്‌കൂളിൽ നിന്നും കുട്ടികൾ എത്തിയപ്പോൾ അവർക്കു കാപ്പിയും പലഹാരങ്ങളും കൊടുത്തതും സുഭദ്ര തന്നെ ആയിരുന്നു. 
'മമ്മിക്ക് തലവേദനയാ... ശല്യപ്പെടുത്തേണ്ട' സുഭദ്ര കുട്ടികളോട് പറഞ്ഞു.
വനജ അപ്പുറത്തെ വീട്ടിലേക്കു ഓടിപ്പോകുന്നതും അധികം താമസിക്കാതെ തിരിച്ചു വന്നതും സുഭദ്രയും കണ്ടിരുന്നു. എന്തോ സുഖകരമല്ലാത്തത്  സംഭവിച്ചു എന്ന് തോന്നിയെങ്കിലും എന്താണെന്നു അവൾ അറിഞ്ഞില്ല. വനജയുടെ മുഖം കണ്ടപ്പോൾ എന്താണ് സംഭവിച്ചത് എന്ന് ചോദിക്കാനും മടിച്ചു...

Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക