
ഇറാനിൽ യുഎസ്-ഇസ്രയേലി സേനകളുടെ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനായി കൊല്ലപ്പെട്ടതിൽ രോഷം കൊണ്ട ഷിയാ മുസ്ലിങ്ങൾ പാക്കിസ്ഥാനിൽ യുഎസ് കാര്യാലയങ്ങൾക്കു മുന്നിൽ നടത്തിയ പ്രകടനങ്ങളിൽ 12 പേരെങ്കിലും ഞായറാഴ്ച്ച കൊല്ലപ്പെട്ടു.
അറുപതോളം പേർക്കു പരുക്കേറ്റു.
കറാച്ചിയിലെ എം ടി ഖാൻ റോഡിൽ യുഎസ് കോൺസലേറ്റ് പ്രകടനക്കാർ കൈയ്യേറി തീയിട്ടു. ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായെന്നു പാക്ക് മാധ്യമങ്ങൾ അറിയിച്ചു.
ലഹോറിലും യുഎസ് കോൺസലേറ്റിൽ പ്രകടനക്കാർ ഇരച്ചുകയറി നാശനഷ്ടങ്ങൾ വരുത്തി. തീവയ്‌പും ഉണ്ടായെന്നു റിപ്പോർട്ടുകൾ പറയുന്നു.
വടക്കു ഷിയാ ഭൂരിപക്ഷമുള്ള ജിൽജിത്-ബാൾട്ടിസ്റ്റാനിൽ സ്‌കാർഡു എന്ന സ്ഥലത്തു യുഎൻ ഓഫീസിനും പ്രകടനക്കാർ തീവച്ചു. കെട്ടിടത്തിനു സാരമായ കേടുപാടുകളുണ്ട്. പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.
പെഷാവറിലും യുഎസ് കാര്യാലയം ആക്രമിക്കപ്പെട്ടു. പ്രകടനക്കാർ നമസ്കാരം നടത്തുകയും മുദ്രാവാക്യങ്ങൾ വിളിക്കയും ചെയ്തു.
ഇസ്ലാമാബാദിൽ യുഎസ് എംബസി അമേരിക്കൻ പൗരന്മാർക്കു ജാഗ്രതാ അറിയിപ്പ് നൽകി.
ഷെരീഫ് അപലപിച്ചു
ഖമേയാനിയെ വധിച്ചതിനെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. ഈ ദുഃഖത്തിൽ പാക്കിസ്ഥാൻ ഇറാൻ ജനതയോടൊപ്പം നിൽക്കുന്നു എന്നദ്ദേഹം പറഞ്ഞു.
എന്നാൽ യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനെതിരെ പാക്കിസ്ഥാനികളെ അദ്ദേഹം താക്കീതു ചെയ്‌തു.
കറാച്ചി റെഡ് സോണിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി.
12 dead as anti-US protests erupt in Pakistan