
അലി ഖമനേയി വധിക്കപ്പെട്ടതോടെ ഇറാനിലെ 46 വർഷത്തെ ശിയാ മതാധിഷ്ഠിത ഭരണത്തിൽ നിർണായക വഴിത്തിരിവ് സംഭവിച്ചെങ്കിലും, അതു സ്വമേധയാ ഭരണകൂടമാറ്റത്തിലേക്ക് നയിക്കണമെന്നില്ലെന്ന് നയതന്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകി.
സംഭവവികാസങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയെ നടുക്കിയതായി ഇന്ത്യയുടെ മുൻ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ വീണ സിക്രി അഭിപ്രായപ്പെട്ടു. ഇത് അതീവ ഗൗരവമുള്ള സാഹചര്യമാണെന്നും ദുബായ് വിമാനത്താവളം അടച്ചിടേണ്ടിവന്നതും അവിടുത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതും ഹോർമുസ് കടലിടുക്ക് അടച്ചിടപ്പെട്ടതും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണെന്നും അവർ പറഞ്ഞു.
ഒമാൻ ഇടപെട്ട് അമേരിക്ക-ഇറാൻ ചർച്ചകൾ ജനീവയിൽ പുരോഗമിച്ചുകൊണ്ടിരിക്കെ തന്നെ ആക്രമണം നടന്നത് ആശങ്കാജനകമാണെന്നും സിക്രി കൂട്ടിച്ചേർത്തു. തുടക്ക റിപ്പോർട്ടുകൾ പ്രകാരം ചർച്ചകൾ നല്ല രീതിയിൽ മുന്നേറുകയായിരുന്നുവെന്നും ഇറാൻ ചില ഇളവുകൾക്ക് തയ്യാറായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. " ഇപ്പോൾ നോക്കുമ്പോൾ, ചർച്ചകൾ വെറും പ്രഹസനമായിരുന്നെന്ന് തോന്നുന്നു. ഇസ്രായേൽ ആക്രമണത്തിന് തീരുമാനിച്ചിരുന്നതായി വേണം മനസ്സിലാക്കാൻ; തുടർന്ന് അമേരിക്കയും ചേർന്നു,” അവർ അഭിപ്രായപ്പെട്ടു.
ഇത് രാഷ്ട്രീയപരമായ മാറ്റത്തിലേക്ക് നയിക്കുമോ എന്നത് സംശയമാണെന്ന് മുൻ നയതന്ത്രജ്ഞൻ കെ.പി. ഫാബിയൻ വ്യക്തമാക്കി. "ഇത് പ്രധാനപ്പെട്ട സൈനിക വിജയം തന്നെയാണ്. എന്നാൽ ‘റെജീം ചെയ്ഞ്ച്’ എന്നത് വളരെ സങ്കീർണമായ പ്രക്രിയയാണ്. അതിലേക്ക് അവർ അടുത്തെത്തിയെന്നു പറയാൻ ഇപ്പോൾ കഴിയില്ല,” അദ്ദേഹം പറഞ്ഞു. ഇസ്രായേൽ മനുഷ്യരുടെയും ഇലക്ട്രോണിക് ഇന്റലിജൻസും സംയോജിപ്പിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം ആക്രമണം നടത്തിയതെന്നും ഫാബിയൻ വിലയിരുത്തി. കുടുംബാംഗങ്ങളും ഉണ്ടായിരുന്ന വീട് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
36 വർഷം യാഥാർത്ഥ്യബോധവും മതാധിപത്യത്തിൽ ഉറച്ച നിലപാടും ചേർത്താണ് ഖമനേയി രാജ്യത്തെ നയിച്ചതെന്നു മുൻ നയതന്ത്രജ്ഞൻ മഹേഷ് കുമാർ സച്ദേവ് വിലയിരുത്തി.
1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം അമേരിക്ക-ഇറാൻ വൈരാഗ്യം തുടരുന്ന സാഹചര്യത്തിൽ ഖമനേയി വധം മിഡിൽ ഈസ്റ്റിലെ ശക്തിസമവാക്യങ്ങളെ മാറ്റിമറിച്ചേക്കാമെന്ന ആശങ്ക ഉയരുന്നുണ്ട്. എന്നാൽ ഭരണകൂടമാറ്റം സംഭവിക്കുമോ, അതോ കൂടുതൽ അസ്ഥിരതയിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്നത് കാത്തിരുന്നേ അറിയാനാകൂ.