Image

'ഞങ്ങള്‍ കല്ലുമാത്രം ഇട്ട് പോകുന്നവരല്ല': ടി സിദ്ദിഖ് എംഎല്‍എയെ വേദിയിലിരുത്തി മന്ത്രിയുടെ പരിഹാസം; മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു, കൂവൽ മനോവിഷമമുണ്ടാക്കിയെന്ന് സിദ്ദിഖ്

Published on 01 March, 2026
'ഞങ്ങള്‍ കല്ലുമാത്രം ഇട്ട് പോകുന്നവരല്ല': ടി സിദ്ദിഖ് എംഎല്‍എയെ വേദിയിലിരുത്തി മന്ത്രിയുടെ പരിഹാസം; മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു, കൂവൽ മനോവിഷമമുണ്ടാക്കിയെന്ന്  സിദ്ദിഖ്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള വയനാട് ടൗണ്‍ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന വേദിയില്‍ എംഎല്‍എ ടി സിദ്ദിഖിനെ വേദിയിലിരുത്തി റവന്യു മന്ത്രി രാജന്റെ പരിഹാസം. ഞങ്ങള്‍ കല്ലുമാത്രം ഇട്ടു പോകുന്നവര്‍ അല്ല, കല്ലിന് മേലെ കല്ല് വെക്കും എന്നായിരുന്നു മന്ത്രി കെ രാജന്റെ പരാമര്‍ശം. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമായതെന്ന് രാജന്‍ പറഞ്ഞു.

വയനാട് പുനരധിവാസം സൃഷ്ടിച്ചത് പുതിയ മാതൃകയാണ്. സ്വന്തമായി ഒരു നഗരമുണ്ടാക്കി. ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ലെന്നും കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്നും അദ്ദേം പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുന്ന വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു  മന്ത്രി.

ഇതേസമയം   ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ദിഖ് എംഎൽഎയ്ക്ക് നേരെ കൂക്കിവിളിയുണ്ടായി . ചീഫ് സെക്രട്ടറി എംഎൽഎയുടെ പേര് പരാമർശിച്ചപ്പോഴും അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസിൽ നിന്ന് പ്രതിഷേധമുയർന്നു. ഈ കൂവൽ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് സി പി എം പ്രവർത്തകർ ആസൂത്രിതമായി ചെയ്തതാണെന്നും ടി. സിദ്ദിഖ് പിന്നീട് പ്രതികരിച്ചു. 

ദുരന്തത്തിന് ഇരയായ ആരും തനിക്കെതിരെ ശബ്ദമുണ്ടാക്കിയിട്ടില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിന്ന തനിക്കെതിരെ “കല്ലിട്ടു പോകുന്നവർ” എന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനോട് ചേർന്ന് നിന്ന് ഇനിയും ദുരന്തബാധിതർക്കായി പ്രവർത്തിക്കുമെന്നും 50-ലധികം വീടുകൾ ഇതിനോടകം സമർപ്പിച്ചുവെന്നും എംഎൽഎ വ്യക്തമാക്കി.

ദുരന്തഭൂമിയിൽ ഒരു തരത്തിലുള്ള വിഭാഗീയതയും പാടില്ലെന്ന് ഓർമ്മിപ്പിച്ച ടി. സിദ്ദിഖ് എംഎൽഎ, സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ തുടരുമെന്നും അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക