
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. രണ്ട് ദിവസത്തിനിടെ 854 വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്.
ഇന്നലെ മാത്രം ഇന്ത്യയിൽ നിന്ന് 410 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്ന് 444 സർവീസുകൾ കൂടി റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പരാതികൾ പരിഹരിക്കാൻ 'എയർസേവ' പോർട്ടൽ വഴി അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും യാത്രാക്ലേശം രൂക്ഷമാണ്.
വ്യോമപാത അടച്ചതിനെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് തങ്ങളുടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. മേഖല സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചാൽ മാത്രമേ ഇനി വിമാനങ്ങൾ പറന്നുയരൂ.