Image

ഇറാൻ–അഫ്ഗാൻ–പാക്ക് സംഭവവികാസങ്ങൾ യുഎസിന് തന്ത്രപ്രധാന അവസരമോ?

Published on 01 March, 2026
ഇറാൻ–അഫ്ഗാൻ–പാക്ക്  സംഭവവികാസങ്ങൾ യുഎസിന് തന്ത്രപ്രധാന അവസരമോ?

ന്യൂഡൽഹി: ദക്ഷിണേഷ്യയിലും മധ്യ ഏഷ്യയിലും നടന്നുകൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ-സൈനിക നീക്കങ്ങൾ അമേരിക്കയ്ക്ക് ഈ ഇടങ്ങളിൽ തന്ത്രപ്രധാന മേൽക്കൈ നേടാൻ വഴിയൊരുക്കുമെന്ന വിലയിരുത്തൽ ശക്തമാകുന്നു. അഫ്ഗാനിസ്ഥാൻ–പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടുമോയെന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാനുമായി തനിക്ക് നല്ല ബന്ധമുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.

ടെഹ്റാനിൽ അനുകൂല ഭരണകൂടം സ്ഥാപിച്ചാൽ  അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് യുഎസിനു നേരിട്ടുള്ള പ്രവേശനം ലഭിക്കുമെന്ന വിലയിരുത്തലുണ്ട്. അതേസമയം, പാക്കിസ്ഥാൻ സൈന്യാധിപൻ അസിം മുനീർ അഫ്ഗാനിസ്ഥാനിൽ സ്വാധീനം ഉറപ്പിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

ട്രംപ് ഭരണകൂടം കാബൂളിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള ബാഗ്രാം വ്യോമതാവളം വീണ്ടും സജീവമാക്കാൻ ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മുൻകാലത്ത് അന്താരാഷ്ട്ര സുരക്ഷാ സഹായ സേനയുടെ പ്രവർത്തന കേന്ദ്രമായിരുന്ന ഈ താവളം, ഏഷ്യയിലെ വിശാല പ്രദേശങ്ങളെ നിരീക്ഷിക്കാൻ തന്ത്രപ്രധാന സ്ഥാനമെന്നാണ് വിലയിരുത്തൽ. എന്നാൽ അഫ്ഗാൻ താലിബാൻ ഭരണകൂടം രാജ്യത്തിന്റെ സ്വാതന്ത്ര്യവും സർവഭൗമത്വവും ഉന്നയിച്ച് വിദേശ സൈനിക സാന്നിധ്യത്തെ എതിർത്തിട്ടുണ്ട്.

ഇറാനിലെ ബന്ദർ അബ്ബാസ്, ചാബഹാർ തുറമുഖങ്ങൾ,  പാക്കിസ്ഥാനിലെ ഗ്വാദർ, പാസ്നി, കരാച്ചി തുറമുഖങ്ങൾ എന്നിവ വഴി അമേരിക്കയ്ക്ക് നേരിട്ടുള്ള സമുദ്രമാർഗ പ്രവേശനം ലഭിക്കാനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ വർഷം വൈറ്റ് ഹൗസ് സന്ദർശനത്തിനിടെ പാക്ക്  പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം എത്തിയ അസിം മുനീർ, ബലൂചിസ്ഥാനിലെ ഖനന സാധ്യതകൾ അമേരിക്കൻ നിക്ഷേപകർക്ക് അവതരിപ്പിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഏകദേശം 500 മില്യൺ ഡോളർ നിക്ഷേപ കരാറിനായി ശ്രമിച്ചതായും,  പാസ്നി തുറമുഖത്തെ സമ്പൂർണ ഹാർബറായി വികസിപ്പിക്കാനുള്ള ഓഫർ നൽകിയതായും സൂചനകളുണ്ട്.

പാക്കിസ്ഥാനു ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ വാഷിംഗ്ടൺ പിന്തുണയ്ക്കുന്നുണ്ട്. താലിബാനെ ആഗോള ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്.

ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ കൂടിച്ചേരുന്ന ത്രിസന്ധിയിൽ പുതിയ സൈനിക-രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും പ്രത്യാഘാതങ്ങൾ ഉണ്ടാകുമോയെന്ന ആശങ്ക ഉയരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള പ്രാദേശിക ശക്തികൾ ഈ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക