
വാഷിംഗ്ടൺ: സുപ്രീംകോടതി നിയമവിരുദ്ധമെന്ന് വിധിച്ച 130 ബില്യൺ ഡോളറിലധികം താരിഫ് വരുമാനം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുൻനിര ഡെമോക്രാറ്റിക് സെനറ്റർമാർ ട്രംപ് ഭരണകൂടത്തിനെതിരെ രംഗത്തെത്തി. അമേരിക്കൻ ബിസിനസുകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും നിയമവിരുദ്ധമായി ഈടാക്കിയ പണം തിരികെ നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടത്.
സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ, ഫിനാൻസ് കമ്മിറ്റിയുടെ റാങ്കിംഗ് അംഗം റോൺ വൈഡൻ, സെനറ്റർ ബെൻ റേ ലജൻ എന്നിവരുടെ നേതൃത്വത്തിലാണ് ഫെബ്രുവരി 27-ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിനു കത്തയച്ചത്.
പ്രസിഡന്റ് നിയമപരമായ അധികാരം കടന്നാണ് താരിഫ് ചുമത്തിയതെന്ന് 6–3 ഭൂരിപക്ഷ വിധിയിൽ യുഎസ് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. താരിഫുകൾക്കെതിരെ ഇറക്കുമതിക്കാരും വ്യാപാര സംഘടനകളും കോടതിയെ സമീപിച്ചിരുന്നു.
താരിഫ് ഈടാക്കിയതിലൂടെ ബാധിക്കപ്പെട്ട ചെറുകിട വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും സ്വമേധയാ റീഫണ്ട് നൽകണമെന്ന് സെനറ്റർമാർ കത്തിലൂടെ ആവശ്യപ്പെട്ടു. 90 ദിവസത്തിനകം പണം മടക്കിനൽകുന്ന സമയക്രമം പ്രഖ്യാപിക്കണമെന്നും നിയമനടപടികൾ ചൂണ്ടിക്കാട്ടി റീഫണ്ട് വൈകിക്കരുതെന്നും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
ഭരണകൂടം നടപടി സ്വീകരിക്കാത്ത പക്ഷം കോൺഗ്രസ് ഇടപെടുമെന്നും സെനറ്റർമാർ മുന്നറിയിപ്പ് നൽകി.
ഇരുപതിലധികം ഡെമോക്രാറ്റിക് സെനറ്റർമാർ ഈ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. വിഷയത്തിൽ ട്രഷറി വകുപ്പിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
Democrats ask Trump to repay $130 billion tariff money