
അമേരിക്കൻ ജനത ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്കാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കയെ വലിച്ചിഴച്ചതെന്നു മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കുറ്റപ്പെടുത്തി. ഇറാനിലെ സൈനിക നടപടി വിവേകമില്ലാത്തതും അന്യായവും ആണെന്നു അവർ പറഞ്ഞു.
"ഞാൻ വ്യക്തമായി പറയുന്നു: ഇറാനിൽ ഭരണമാറ്റത്തിനു വേണ്ടിയുള്ള യുദ്ധത്തോട് എനിക്ക് എതിർപ്പാണ്. ട്രംപിന്റെ ആഗ്രഹപ്രകാരമുള്ള ഒരു യുദ്ധത്തിന് നമ്മുടെ സൈനികരുടെ ജീവൻ പണയം വയ്ക്കുകയാണ്."
ഈ യുദ്ധത്തിന് യുഎസ് കനത്ത വില നൽകേണ്ടിവരാം എന്നു ഹാരിസ് പറഞ്ഞു. "അമേരിക്കൻ ജീവനുകൾ നഷ്ടപ്പെടാമെന്നു പ്രസിഡന്റ് പറഞ്ഞു കഴിഞ്ഞു. ഡഗ്ഗും ഞാനും നമ്മുടെ ധീരരായ സൈനികർക്കു വേണ്ടി പ്രാർഥിക്കുന്നു. അപകടകരമായ ദൗത്യം അസാമാന്യ വൈദഗ്ധ്യത്തോടെയും അച്ചടക്കത്തോടെയും കൃത്യതയോടെയും നിർവഹിക്കുന്നവരാണ് അവർ.
"അവർക്കു വേണ്ടത് യുദ്ധവും സമാധാനവും സംബന്ധിച്ച കാര്യങ്ങളിൽ അവരെപ്പോലെ എന്നും സ്ഥിരതയും അച്ചടക്കവും കാട്ടുന്ന ഒരു കമാൻഡർ-ഇൻ-ചീഫാണ്.
"ഈ സൈനിക നടപടി അപകടകരവും അനാവശ്യവുമായ ചൂതാട്ടമാണ്. അമേരിക്കൻ ജീവിതങ്ങൾ പണയം വച്ചാണ് കളി. മേഖലയുടെ ഭദ്രത തകർക്കുകയും ലോകത്തു നമുക്കുള്ള ആദരം ഇല്ലാതാക്കുകയും ചെയ്യുന്നു."
ഇറാൻ ഉയർത്തുന്ന ഭീഷണി തനിക്കറിയാമെന്നു ഹാരിസ് പറഞ്ഞു. "അവർ അണ്വായുധം ഉണ്ടാക്കാൻ പാടില്ല. പക്ഷെ ആ ഭീഷണി ഇല്ലാതാക്കാൻ ഇതല്ല വഴി.
"തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുമെന്നു ട്രംപ് ഉറപ്പു നൽകി. അതൊരു പച്ചക്കള്ളം ആയിരുന്നുവെന്നു ഇപ്പോൾ തെളിയുന്നു. ഇറാന്റെ ആണവ പദ്ധതി തുടച്ചു നീക്കിയെന്നു കഴിഞ്ഞ വർഷം ട്രംപ് പറഞ്ഞു. അതും നുണയായി."
യൂഎസ് ഭരണഘടന അനുസരിച്ചു കോൺഗ്രസ് അനുമതിയോടെ മാത്രമേ പ്രസിഡന്റ് യുദ്ധത്തിനു പോകാൻ പാടുള്ളൂ എന്നും ഹാരിസ് ചൂണ്ടിക്കാട്ടി.
Kamala Harris slams Trump over Iran war move