
വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലെ ആദ്യഘട്ട വീടുകൾ കൈമാറി. ആകെ വാഗ്ദാനം ചെയ്ത 105 വീടുകളിൽ നിർമാണം പൂർത്തിയായ 51 ‘സ്‌നേഹഭവന’ങ്ങളുടെ താക്കോൽദാനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വയനാട് എം.പി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, സ്വന്തം വീടും സമ്പാദ്യവും നഷ്ടപ്പെട്ട കുടുംബങ്ങൾ വികാരാധീനരായാണ് പുതിയ വീടുകളുടെ രേഖകൾ ഏറ്റുവാങ്ങിയത്.
ഉയർന്ന നിലവാരത്തിൽ നിർമിച്ച ഓരോ വീടും 1060 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ളതാണ്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ശുചിമുറികൾ, അടുക്കള, ലിവിങ്-ഡൈനിങ് ഏരിയ എന്നിവയ്ക്ക് പുറമെ കട്ടിൽ, മെത്ത, സോഫ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ അത്യാവശ്യ വീട്ടുപകരണങ്ങളും നൽകിയിട്ടുണ്ട്.
ദുരന്തബാധിതർക്കായി ഒരുക്കിയ ഈ ടൗൺഷിപ്പിൽ ശാസ്ത്രീയമായ ജലവിതരണ സംവിധാനങ്ങളും ശക്തമായ അടിത്തറയോടു കൂടിയ നിർമാണ രീതിയുമാണ് പിന്തുടർന്നിരിക്കുന്നത്. ഭാവിയിൽ വീടുകൾ മുകളിലേക്ക് വികസിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.