
അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത അതീവ ഗുരുതരമായ സാഹചര്യത്തിൽ ഇന്ത്യ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ ആദ്യ ഔദ്യോഗിക പ്രതികരണത്തിൽ ആവശ്യപ്പെട്ടു.
രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തു. ഇറാൻ-അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങൾ ഗൾഫ് മേഖലയെയാകെ യുദ്ധഭീതിയിലാഴ്ത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ ഇടപെടൽ.
പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകളുടെ പാത സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, പശ്ചിമേഷ്യയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വ്യക്തമാക്കി. വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. പ്രാദേശിക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ജാഗ്രത പുലർത്താനും പ്രവാസികൾക്ക് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.