
തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളെജിൽ നിന്നു ഡിസ്ചാർജ് ചെയ്ത ആരോഗ്യമന്ത്രി വീണാ ജോർജ് രാത്രിയായിട്ടും തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയില്ല. കഴുത്തിന് പരുക്കേറ്റ നിലയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രിയെ വെള്ളിയാഴ്ച പുലർച്ചെയാണ് അതീവരഹസ്യമായി ഐസിയുവിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. എന്നാല്‍, പരിയാരം മെഡിക്കല്‍ കോളെജില്‍നിന്ന് മടങ്ങി രാത്രിയായിട്ടും മന്ത്രി തുടർ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിയിട്ടില്ല.
മന്ത്രിയുടെ ഓഫിസും തുടര്‍ചികിത്സാ വിവരങ്ങള്‍ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ആറന്മുളയിലെ വീട്ടിലെത്തിയതായി രാത്രി വൈകി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച അർധരാത്രിയിലാണ് ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. മന്ത്രി തന്നെ ഡിസ്ചാർജ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു തിടുക്കപ്പെട്ടുള്ള തീരുമാനം.
മന്ത്രിക്ക് യാത്ര ചെയ്യാൻ കുഴപ്പമില്ലെന്നും ശരീര വേദന കുറഞ്ഞു എന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് രഹസ്യ ഡിസ്ചാർജെന്നാണ് വിവരം.
പുലർച്ചെ നാലുമണിക്ക് ഔദ്യോഗിക വാഹനത്തിൽ ആയിരുന്നു മന്ത്രി യാത്ര പുറപ്പെട്ടത്. തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യപ്പെട്ട മന്ത്രി അവിടെ എത്തിയിട്ടില്ലെന്നത് ഡോക്‌റ്റർമാരും സ്ഥിരീകരിച്ചു.