
നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് അടിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് എൽഡിഎഫ്. വമ്പൻ ഭൂരിപക്ഷത്തിൽ ഇത്തവണയും ഭരണം നിലനിർത്തുമെന്നുമാണ് നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ എൽഡിഎഫ് പ്രതീക്ഷ ഇക്കുറി അസ്ഥാനത്താകുമെന്നാണ് ലോക്പോൾ പ്രീപോൾ സർവ്വേ പ്രവചിക്കുന്നത്. ഇക്കുറി യു ഡി എഫ് ഭരണം പിടിക്കുമെന്നാണ് സർവ്വെ പ്രവചനം.
യു ഡി എഫിന് 81 മുതൽ 86 സീറ്റുകൾ വരെയാണ് സർവ്വെ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളായിരുന്നു യു ഡി എഫിന് ലഭിച്ചത്.43 മുതൽ 45 ശതമാനം വരെ വോട്ട് വിഹിതമാണ് യു ഡി എഫിന് പ്രവചിക്കുന്നത്. എൽ ഡി എഫ് 59 സീറ്റികൾ വരെയാണ് പ്രവചനം. 41 ശതമാനം വേട്ടു വിഹിതം ലഭിച്ചേക്കും. അതേസമയം ഇക്കുറി എൻ ഡി എയ്ക്ക് കേരളത്തിൽ രണ്ട് സീറ്റുകൾ ലഭിക്കുമെന്നാണ് സർവ്വേ പറയുന്നത്. 13 മുതൽ 15 ശതമാനം വരെ വോട്ട് വിഹിതം നേടാനാകുമെന്നും സർവ്വെ പറയുന്നു.
വടക്കൻ കേരളത്തിൽ യു ഡി എഫിന് ഏകപക്ഷീയമായ മുന്നേറ്റമാണ് പ്രവചിക്കുന്നത്. മലപ്പുറത്തെ ലീഗിൻ്റെ ആധിപത്യം, കോഴിക്കോട്ടെ അപ്രതീക്ഷിത ഫലങ്ങൾ, കണ്ണൂർ-കാസർഗോഡ് എന്നിവിടങ്ങളിലെ മുന്നേറ്റം, വയനാട്-കോഴിക്കോട് മലയോര കർഷകരിലെ ശക്തമായ ഭരണവിരുദ്ധ വികാരം എന്നിവ യു ഡി എഫിന് അനുകൂലമാകുമെന്ന് സർവ്വേ പറയുന്നു. ഈ മേഖലയിൽ യുഡിഎഫിന് 32 മുതൽ 37 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം.
എൽ.ഡി.എഫ്. 11-16 സീറ്റുകൾ (പ്രധാനമായും കണ്ണൂർ, പാലക്കാട് ശക്തികേന്ദ്രങ്ങളിൽ) നിലനിർത്തും. വടക്കൻ കേരളത്തിൽ എൻ ഡി എ നിലംതൊടില്ല. കാസർഗോഡ്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ബി ജെ പിക്ക് ഒറ്റപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞേക്കും. മധ്യ കേരളത്തിൽ യു ഡി എഫ് വലിയ മുന്നേറ്റമുണ്ടാക്കും.
മധ്യ കേരളത്തിലെ സീറ്റ് പ്രവചനം ഇങ്ങനെ: എൽ.ഡി.എഫ്. 18-23, യു.ഡി.എഫ്. 30-35. എൻ.ഡി.എ.യ്ക്ക് -0
തെക്കൻ കേരളത്തിൽ എൽ.ഡി.എഫ്. മറ്റ് മേഖലകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചേക്കാം. സംസ്ഥാന വ്യാപകമായ ഭരണവിരുദ്ധ തരംഗമുണ്ടായിട്ടും പല സിറ്റിംഗ് എം.എൽ.എമാർക്കും പ്രാദേശിക തലത്തിൽ വലിയ പ്രതിസന്ധികളില്ല.
ബി.ജെ.പി. പരമ്പരാഗത ഈഴവ വോട്ടുകളിൽ കടന്നുകയറുന്നത് യു.ഡി.എഫിന് പരോക്ഷമായി ഗുണം ചെയ്യുമെന്നും സർവ്വെ പറയുന്നു. യു.ഡി.എഫ്. നായർ വോട്ടുകൾ ഏകീകരിച്ച് ശബരിമല വിഷയങ്ങളെ ഉയർത്തി പത്തനംതിട്ടയിൽ തരംഗം സൃഷ്ടിക്കാൻ സാധ്യതയുണ്ട്