
ഡൽഹി: മദ്യനയ അഴിമതി കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിനു മണിക്കൂറുകൾക്ക് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആം ആദ്മി പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ താൻ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നുവെന്നും, ബിജെപി 10 സീറ്റിൽ കൂടുതൽ നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും, കെജ്‌രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തങ്ങളെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബിജെപിക്ക് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് ഗൂഢാലോചന നടത്തി ഇല്ലാതാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താൻ അഴിമതിക്കാരനാണെന്നും 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നും പറഞ്ഞ് അവർ കള്ളക്കേസുകൾ കെട്ടിച്ചമച്ചുവെന്നും കെജ്‌രിവാൾ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരായ അഴിമതി കേസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലിനീകരണം, മലിനമായ യമുന, തകർന്ന റോഡുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ കൊണ്ട് ബിജെപി ഡൽഹിയെ കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു.