Image

ആരോഗ്യമന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ; മാർച്ച് 2 വരെ പൊതുപരിപാടികൾ ഒഴിവാക്കി

Published on 27 February, 2026
ആരോഗ്യമന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ; മാർച്ച് 2 വരെ പൊതുപരിപാടികൾ ഒഴിവാക്കി

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് ഡിസ്ചാർജ് ചെയ്തത്. നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണെന്നും ഡോക്ടർമാർ നാല് ദിവസത്തെ പൂർണ്ണ വിശ്രമവും തുടർമരുന്നുകളും നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാകും തുടർന്നുള്ള ഫോളോ അപ്പ് ചികിത്സകൾ സ്വീകരിക്കുക.

മന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രതിപക്ഷം വലിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഉയർത്തുന്നത്. യാത്ര ചെയ്യാൻ പോലും കഴിയാത്ത വിധം ഗുരുതരമായ പരിക്കുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ വന്നതിന് തൊട്ടുപിന്നാലെ മന്ത്രി ആശുപത്രി വിട്ടതും, റഫർ ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടാതിരുന്നതും ദുരൂഹമാണെന്ന് കെഎസ്‍യു ആരോപിച്ചു. മന്ത്രി എവിടെയാണെന്ന ചോദ്യവുമായി കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

മന്ത്രിയുടേത് വെറും രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് ‘വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡ്’ എന്ന പേരിൽ ട്രോഫിയും മെഡിക്കൽ നെക്ക് കോളറും തപാൽ വഴി അയച്ചുകൊടുത്ത് കെഎസ്‍യു പ്രതിഷേധിച്ചു. സംസ്ഥാനത്തെ ആരോഗ്യരംഗം ഐസിയുവിൽ ആയതുകൊണ്ടാണ് തങ്ങൾ കരിങ്കൊടിയുമായി പ്രതിഷേധിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക