
തമിഴ് സൂപ്പർസ്റ്റാറും രാഷ്ട്രീയ നേതാവുമായ ജോസഫ് വിജയിന്റെ (51) ഭാര്യ സംഗീത സ്വർണലിംഗം (48) വിവാഹമോചന ഹർജി ഫയൽ ചെയ്തത് നടന്റെ തമിഴക വെട്രി കഴകം (ടി വി കെ) തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ നടുവിൽ നിൽക്കുമ്പോൾ. വിജയിന്റെ രംഗപ്രവേശം ഭരണ ഡി എം കെയ്ക്കു കനത്ത വെല്ലുവിളി ഉയർത്തുന്ന നേരത്താണ് അദ്ദേഹത്തിന് ഈ തിരിച്ചടി.
ഒരു പ്രമുഖ നടിയുമായി വിജയിനു വിവാഹേതര ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയാണ് 26 വർഷം അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന സംഗീത കേസ് ഫയൽ ചെയ്തത്. തമിഴ് സിനിമയിൽ പല പ്രമുഖ നടന്മാർക്കും ഒന്നിലേറെ ഭാര്യമാർ ഉണ്ടെന്നത് പുതിയ കാര്യമൊന്നുമല്ല. 'ചിന്ന വീട്' വയ്ക്കുന്നത് പാപമായി ആരാധകർ കാണുന്നതുമില്ല എന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവ് എം ജി ആർ-ജയലളിത ബന്ധം തന്നെ. അദ്ദേഹം മുഖ്യമന്ത്രി ആയ ശേഷം ഭാര്യ ജാനകിയെ തള്ളിയാണ് ആരാധക ലക്ഷങ്ങൾ ജയലളിതയെ സ്വീകരിക്കുകയും അധികാരത്തിലേറ്റുകയും ചെയ്തത്.
എന്നാൽ വിജയിന്റെ പരസ്ത്രീ ബന്ധം അംഗീകരിക്കാൻ സംഗീത തയാറില്ല.
നടിയുടെ പേരു പറഞ്ഞത് ബി ജെ പി
കഥയിൽ വില്ലത്തിയാവുന്ന നടി ആരെന്നുചെങ്കൽപെട്ട് കോടതിയിൽ നൽകിയ പരാതിയിൽ സംഗീത പറയുന്നില്ല. എന്നാൽ അടുത്തിടെ വിജയിനു പ്രമുഖ നടി തൃഷ കൃഷ്ണനുമായുളള ബന്ധം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനു വിനയാകുമെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് നാഗേന്ദ്രൻ പറഞ്ഞത് വിവാദമായിരുന്നു.
സാമൂഹ്യ പ്രവർത്തകയും സംരംഭകയുമായ സംഗീത യുകെയിൽ നിന്ന് ആരാധിക എന്ന നിലയ്ക്കു നടനെ കാണാൻ 1998ൽ എത്തിയെന്നും ആ കണ്ടുമുട്ടൽ വിവാഹത്തിൽ കലാശിച്ചെന്നുമാണ് കഥ. നാടാർ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട വിജയിനെ വിവാഹം കഴിക്കാൻ സംഗീതയുടെ ഹിന്ദു കുടുംബം എതിര് നിന്നില്ല.
വിവാഹമോചനം നൽകുമ്പോൾ തനിക്കു വീട് വിട്ടു നൽകണമെന്നും സ്ഥിരമായി ജീവനാംശം ലഭിക്കണമെന്നും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയ് എല്ലാ കാര്യങ്ങളിൽ നിന്നും തന്നെ അകറ്റിയെന്നും വിദേശയാത്രകളിൽ കാമുകിയെ കൂടെ കൂട്ടിയെന്നും സംഗീത ആരോപിക്കുന്നു. അതിന്റെ ഫോട്ടോകൾ നടി സാമൂഹ്യ മാധ്യമങ്ങളിൽ കയറ്റിയിരുന്നു.
വിജയ്ക്കും സംഗീതയ്ക്കും 26 വർഷത്തെ വിവാഹ ജീവിതത്തിൽ രണ്ടു മക്കളുണ്ട്: ജെയ്‌സൺ സഞ്ജയ് (25), ദിവ്യ സാഷ (20).
Vijay faces divorce amidst political battle