
വിവാദ സിനിമ 'കേരള സ്റ്റോറി 2' പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. നിര്‍മാതാക്കളുടെ അപ്പീല്‍ പരിഗണിച്ച് ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിക്ക് പൊതുതാല്‍പര്യ സ്വഭാവമുള്ളതാണെന്നും സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ഈ വാദം പരിഗണിച്ചാണ് ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
സിനിമ മതസൗഹാർദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് ചിത്രത്തിന്റെ പ്രദർശനം 15 ദിവസത്തേക്ക് തടഞ്ഞത്. സിനിമ കണ്ട് കോടതി വിലയിരുത്തണമെന്ന നിർദ്ദേശത്തെ സമയപരിമിതി ചൂണ്ടിക്കാട്ടി കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.
സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേരളത്തിന് അപഖ്യാതിയാണോ സിനിമയെന്നറിയാൻ ഉള്ളടക്കം പരിശോധിക്കണമെന്നും സെൻസർ ബോർഡിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
നിര്‍മാതാക്കളുടെ ഹർജിയില്‍ ഇന്നലെ രാത്രിയാണ് ഡിവിഷന്‍ ബെഞ്ച് അടിയന്തരമായി വാദം കേട്ടത്. എന്ത് സ്വകാര്യ താല്‍പര്യമാണ് ലംഘിക്കപ്പെട്ടതെന്ന് ഹരജിക്കാര്‍ വ്യക്തമാക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരുന്നു. സിനിമയുടെ റിലീസ് തടയുന്നത് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് നിര്‍മ്മാതാവ് വാദിച്ചു. ചിത്രത്തിന്റെ പേര് നിശ്ചയിക്കുന്നത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. സിനിമ കേരളത്തെ അപമാനിക്കുന്നതല്ലെന്നും നിർമാതാവ് അവകാശപ്പെട്ടിരുന്നു