
ബംഗ്ലാദേശില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ പശ്ചിമ ബംഗാളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.22 ന് കൊല്‍ക്കത്തയിലും ബംഗാളിലെ വിവിധ ജില്ലകളിലും അനുഭവപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ഭൂചലനത്തിനു പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഏതാനും സെക്കൻഡുകൾ മാത്രമേ ഭൂചലനം നീണ്ടുനിന്നുള്ളു. നഗരത്തിലെ പല ഓഫീസ് കെട്ടിടങ്ങളിലും ഫർണിച്ചറുകളടക്കം ആടിയുലഞ്ഞതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ബംഗ്ലാദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ ബംഗ്ലാദേശിലെ നയാബസാര്‍ എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ഭൂചലനത്തില്‍ ആള്‍നാശമോ, മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.