Image

ഒ. പനീർസെൽവം ഡി.എം.കെയിൽ; സ്വീകരിച്ച് എം.കെ. സ്റ്റാലിൻ

Published on 27 February, 2026
ഒ. പനീർസെൽവം ഡി.എം.കെയിൽ; സ്വീകരിച്ച് എം.കെ. സ്റ്റാലിൻ

തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം. മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ പാര്‍ട്ടി കോ ഓര്‍ഡിനേറ്ററും ആയിരുന്ന ഒ.പനീര്‍സെല്‍വം (ഒപിഎസ്) ഡിഎംകെയില്‍  ചേര്‍ന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദര്‍ശിച്ച ഒപിഎസ് ഡിഎംകെ അംഗത്വം സ്വീകരിച്ചു. എംഎല്‍എ സ്ഥാനം രാജിവയ്ക്കും. ഒപിഎസിനൊപ്പം മകന്‍ പി. രവീന്ദ്രനാഥ് കുമാറും ഡിഎംകെയില്‍ ചേര്‍ന്നു. 

കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്തന്‍ കൂടിയായിരുന്ന ഒപിഎസ് എതിരാളികളായ ഡിഎംകെയ്‌ക്കൊപ്പം ചേരുന്നത്. ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നു പറഞ്ഞ ഒപിഎസ് സ്റ്റാലിനെ പുകഴ്ത്തുകയും ചെയ്തു.

ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെ പലതായി വിഘടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നുവട്ടം ജയലളിത തിരഞ്ഞെടുത്തയാളാണ് ഒപിഎസ് എന്നാല്‍ എടപ്പാടി പളനിസാമി ഒപിഎസിനെ അകറ്റി നിര്‍ത്തി. പാര്‍ട്ടിയിലെ തന്റെ സ്ഥാനം പോകാതിരിക്കാനായി   എടപ്പാടി  അണ്ണാഡിഎംകെയെ ബിജെപി പാളയത്തിലെത്തിച്ചു. ഇപിഎസ് ഇപ്പോള്‍ ബിജെപിക്ക് ഒപ്പമാണ്. ബിജെപിക്ക് എതിരെ പ്രവര്‍ത്തിക്കാനാണ് ഒപിഎസ് എത്തിയത് എന്നാണ് ഡിഎംകെ വ്യക്തമാക്കുന്നത്

ഡിഎംകെയില്‍ ചേര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രി എം. കെ. സ്റ്റാലിനെ പനീര്‍ശെല്‍വം വാനോളം പുകഴ്ത്തി. സ്റ്റാലിന്‍ ദളപതിയാണ്; ഇനി തന്റെ രാഷ്ട്രീയ യാത്ര ദളപതിയുടെ വഴിയിലൂടെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിനെ കഴിഞ്ഞ ദിവസം നേരില്‍ കണ്ടതോടെ ഒപിഎസ് ഡിഎംകെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പനീര്‍ശെല്‍വം വ്യക്തമാക്കി. അണ്ണാ ഡിഎംകെയ്ക്ക് ഇനി ഭാവിയില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയെ എതിര്‍ക്കാന്‍ ഇന്നൊരു ശക്തമായ പാര്‍ട്ടിയും ഇല്ല. അഞ്ചുവര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുടെ മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കന്നൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് പനീര്‍ശെല്‍വം ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വിവരവും പുറത്തുവന്നു. ഒപിഎസ് പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ തമിഴ്‌നാട്ടിന്റെ തെക്കന്‍ മേഖലയിലെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്താമെന്നാണു ഡിഎംകെയുടെ കണക്കുകൂട്ടല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക