
അഫ്ഘാനിസ്ഥാനെതിരെ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചു കൊണ്ടു പാക്കിസ്ഥാൻ കാബൂളിലും കണ്ടഹാറിലും കനത്ത ബോംബിംഗ് നടത്തി. പാക്ക് മദ്രസകളിൽ പരിശീലനം നേടി വളർന്നു ഇപ്പോൾ അഫ്ഘാനിസ്ഥാൻ ഭരിക്കുന്ന താലിബാനെ തീർത്തു കളയും എന്നാണ് പാക്കിസ്ഥാന്റെ പ്രഖ്യാപനം.
"ഞങ്ങളുടെ ക്ഷമ അതിരു കടന്നു, ഇനി തുറന്ന യുദ്ധമാണ്," പാക്ക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. പാക്കിസ്ഥാൻ എന്നും സമാധാനമാണ് ആഗ്രഹിച്ചതെന്നും പക്ഷെ ആക്രമിക്കപ്പെട്ടാൽ നേരിടാൻ സൈന്യം പൂർണ സജ്ജമാണെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
അഫ്ഘാൻ സേന അതിർത്തിയിൽ പലേടത്തും പാക്ക് സൈന്യത്തിനു നേരെ കനത്ത ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാൻ അഫ്ഘാനിസ്ഥാന്റെ ഉള്ളിലേക്കു കടന്നു ആക്രമണം ശക്തമാക്കിയത്. കാബൂളിൽ സ്‌ഫോടനങ്ങൾ കേട്ടതായി വിദേശ വാർത്താ മാധ്യമങ്ങൾ അറിയിച്ചു.
പാക്കിസ്ഥാൻ പറയുന്നത് 133 അഫ്ഘാൻ സൈനികരെ കൊന്നുവെന്നാണ്. 55 പാക്ക് സൈനികർ കൊലപ്പെട്ടെന്നു അഫ്ഘാനിസ്ഥാൻ പറയുന്നു.
'കസബ് ലിൽ ഹഖ്' എന്നാണ് പാക്കിസ്ഥാൻ ഈ സൈനിക നടപടിക്കു പേരിട്ടത്.
താലിബാൻ ഭരണകൂടത്തിന്റെ 16 സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്ന് പാക്ക് ഇൻഫർമേഷൻ മന്ത്രി അത്താവുള്ള തരാർ അവകാശപ്പെട്ടു. ഏഴു കേന്ദ്രങ്ങൾ പിടിച്ചെടുത്തു. ഒരു ആയുധപ്പുര, ബറ്റാലിയൻ ആസ്ഥാനം, സെക്ടർ ആസ്ഥാനം ഇവയൊക്കെ നശിപ്പിച്ചു.
Pakistan declares full war with Afghanistan