
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി യാതൊരു പരിചയവും ഇല്ലെന്നു മുൻ പ്രഥമ വനിത ഹിലരി ക്ലിന്റൺ യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി മുൻപാകെ മൊഴി നൽകി. ആറു മണിക്കൂർ നീണ്ട രഹസ്യ വിചാരണയിൽ നിന്നുള്ള ഫോട്ടോകൾ റിപ്പബ്ലിക്കന്മാർ പുറത്തു വിട്ടത് പ്രതിഷേധം ഉയർത്തിയെങ്കിലും അര മണിക്കൂർ വിരാമത്തിനു ശേഷം ക്ലിന്റൺ വീണ്ടും സംസാരിച്ചു.
ക്ലിന്റൺ കുടുംബം താമസിക്കുന്ന ചപ്പാക്കയിൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിൽ ആയിരുന്നു വിചാരണ. വെള്ളിയാഴ്ച്ച പ്രസിഡന്റ് ബിൽ ക്ലിന്റൺ മൊഴി നൽകും. ഇരുവരും ഈ അന്വേഷണത്തിൽ മൊഴി നൽകുന്നതിനു വിസമ്മതിച്ചിരുന്നു. അന്വേഷണം നയിക്കുന്ന റിപ്പബ്ലിക്കൻ റെപ്. ജെയിംസ് ആർ. കോമർ അയച്ച സപ്പീനകൾ നിയമവിരുദ്ധമാണെന്ന് അവർ വാദിച്ചു.
ആ പശ്ചാത്തലത്തിൽ സംഘർഷം നിറഞ്ഞു നിൽക്കെയാണ് ഹിലരി ക്ലിന്റൺ മൊഴി നൽകാൻ എത്തിയത്. ഒരു മണിക്കൂർ ആയപ്പോഴാണ് ഫോട്ടോകൾ പുറത്തു വന്നത്. കമ്മിറ്റി അംഗമായ റിപ്പബ്ലിക്കൻ റെപ്. ലോറൻ ബോബർട്ട് (കൊളറാഡോ) ആണ് ഫോട്ടോ എടുത്തതെന്നു വ്യക്തമായതോടെ ക്ലിന്റൺ പ്രതിഷേധിച്ചു.
മുതലെടുപ്പിനുള്ള നാടകം
രാഷ്ട്രീയ മുതലെടുപ്പിനുള്ള നാടകം മാത്രമാണ് ഈ വിചാരണയെന്നു അവർ ആരോപിച്ചു. പ്രസിഡന്റ് ട്രംപിനെ ലക്‌ഷ്യം വച്ച് അവർ പറഞ്ഞു: "ഒരു പാർട്ടിയെയും അതിന്റെ നേതാവിനെയും മാത്രം രക്ഷിക്കാൻ മാത്രമുള്ളതാണ് ഈ വിചാരണ. അല്ലാതെ ഇരകളായവർക്കു നീതി ലഭ്യമാക്കാനുളളതല്ല.
"പ്രസിഡന്റ് ട്രംപിന്റെ നടപടികളിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. സത്യം മൂടി വയ്ക്കാനും."
എപ്‌സ്റ്റീനെ സമ്പന്നനാക്കിയ റിപ്പബ്ലിക്കൻ ഡോണർ ലെസ്‌ലി വെക്സ്നറെ കഴിഞ്ഞയാഴ്ച്ച വിചാരണ ചെയ്തപ്പോൾ ഒരൊറ്റ റിപ്പബ്ലിക്കനും എത്തിയില്ലെന്നു ക്ലിന്റൺ ചൂണ്ടിക്കാട്ടി.
"ഞാൻ എപ്‌സ്റ്റീന്റെ വിമാനത്തിൽ പറന്നിട്ടില്ല, അയാളുടെ ദ്വീപിൽ പോയിട്ടില്ല, വീട്ടിലോ ഓഫീസിലോ പോയിട്ടില്ല."
ബിൽ ക്ലിന്റണ് എപ്‌സ്റ്റീനുമായി ബന്ധം ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടി, അദ്ദേഹത്തെ ഒരു ചെറിയ പെൺകുട്ടി തടവുന്ന ചിത്രത്തെ കുറിച്ച് എന്തു വികാരമാണ് ഉള്ളതെന്നു റെപ്. നാൻസി മെയ്‌സ് (റിപ്പബ്ലിക്കൻ-സൗത്ത് കരളിന) ചോദിച്ചു. "എന്റെ വികാരങ്ങൾ ചർച്ച ചെയ്യാനല്ല ഞാൻ ഇവിടെ വന്നിട്ടുള്ളത്," ഹിലരി ക്ലിന്റൺ ശാന്തമായി പറഞ്ഞു.
വിചാരണ വെറും കോമാളി ഷോ ആണെന്നു റെപ്. യാസമിൻ അൻസാരി (ഡെമോക്രാറ്റ്-അരിസോണ) ആരോപിച്ചു. "കുറ്റക്കാരെ കണ്ടെത്താൻ അവർക്കു താത്പര്യമില്ല."
Hillary Clinton denies any link to Epstein