
ജനപ്രിയ വാരികകളുടെ പത്രാധിപർ
അമ്പാട്ട് സുകുമാരൻ നായർ
91-ാം പിറന്നാൾ: ആശംസകൾ!
കുംഭത്തിലെ മകയിരം ആണ് അമ്പാട്ടു സുകുമാരൻ നായരുടെ പിറന്നാൾ.
1935 മാർച്ച് 12-ന് (കൊല്ലവർഷം 1110 കുംഭം 28-ന് ) ആണ് ജനിച്ചനാൾ, ആ വർഷത്തെ മകയിരം; അതുകൊണ്ട് തീയതി അനുസരിച്ചുള്ള ജന്മദിനം അടുത്ത മാസമാകും.
മലയാളം വാരികകളുടെ സർക്കുലേഷൻ ചാർട്ടിൽ ഒന്നാം നിരയിൽ നില്ക്കുന്ന ജനപ്രിയ വരികകളുടെ അജയ്യനായ പത്രാധിപർമാരിൽ പ്രമുഖനാണല്ലോ അമ്പാട്ട് സുകുമാരൻനായർ. ജനപ്രിയ വാരികളുടെ രാസതന്ത്രങ്ങളും പാചകവിധികളും സ്വായത്തമാക്കിയ, ആ രംഗത്ത് മികവും കർമ്മവൈഭവും തെളിയിച്ച, വ്യക്തിയാണ് അദ്ദേഹം. സർക്കുലേഷൻ ചാർട്ടിൽ സ്ഥാനം പിടിക്കുക എന്നതിനായി ഒരുവിധത്തിലുള്ള ഒത്തുതീർപ്പിനും അദ്ദേഹം തയ്യാറായിരുന്നില്ലന്നതും ശ്രദ്ധേയമാണ്: ഉദാഹരണമായി 'മംഗള'ത്തിൽ കവിതയും വനവാസികളുടെ ജീവിതത്തെക്കുറിച്ചുള്ള ഫീച്ചറുകളും പ്രസിദ്ധീകരിക്കുന്നതിൽ വാരിക ഉടമ വർഗ്ഗീസ് എതിരായിരുന്നു; അത്തരം കാര്യങ്ങളിൽ പത്രാധിപ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വാഭിപ്രായപ്രകാരം ഉള്ളട നിർണ്ണയം നടത്തി കവിതയും ഫീച്ചറുകളും പ്രസിദ്ധീകരിക്കുകയും അതൊന്നും വായനക്കാരുടെ അഭിരുചിക്ക് എതിരല്ലന്ന് തെളിയിക്കുകയും ചെയ്തു.
‘മംഗളത്തിന്റെ കഥ – എന്റെയും’ എന്ന ഗ്രന്ഥം, അമ്പാട്ട് സുകുമാരൻ നായരുടെ ഓർമ്മക്കുറിപ്പുകൾ, 2024 ഡിസംബറിൽ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതിൽ അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങൾ, വിശേഷിച്ചും തൻ്റെ ജനപ്രീയവാരിക പത്രാധിപർ എന്ന നിലയുള്ള അനുഭവങ്ങൾ അവതരിപ്പിക്കുന്നുണ്ട്. തൻ്റെ വാക്കുകൾ മറ്റാരെയും വേദനപ്പിക്കരുത് എന്ന നിർബന്ധ ബുദ്ധി ഉണ്ടായിരുന്നതു കൊണ്ട് ഈ ജീവിത പന്ഥാവിൽ കണ്ടുമുട്ടിയിട്ടുള്ള ചില വില്ലന്മാരുടെ പേരുകൾ മാത്രം വെളിപ്പെടുത്താതെ അദ്ദേഹം സംഭവങ്ങളെ മാത്രമേ ഇതിൽ പരാമർശിച്ചുപോകുന്നുള്ളു. (ഈ പുസ്തകത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ കമൻ്റ് ബോക്സിൽ )
ഒരു കാലത്ത് വാരികയുടെ 'ജനപ്രിയത'യുടെ അളവുകോൽ 'മനോരമ' ആഴ്ചപ്പതിപ്പായിരുന്നുവല്ലോ. പിന്നീട് 'മനോരാജ്യം' വാരികയും അതിനോടൊപ്പം അരങ്ങുവാഴുന്ന നിലയിലേക്ക് ഉയർന്നു. 1970 - കളിലെ ഈ ഘട്ടത്തിലാണ് സുകുമാരൻ നായർ ജനപ്രിയ പ്രസിദ്ധീകരണങ്ങളുടെ മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. 'മനോരാജ്യം' വാരികയുടെ മാനേജിങ് എഡിറ്ററായിരുന്ന ഡോ. ജോർജ് തോമസുമായുള്ള സൗഹൃദമാണ് അതിനു വഴിവെച്ചത്. 'മനോരാജ്യ'ത്തിന്റെ എഡിറ്റോറിയൽ സഹായി എന്നോ ഒരു കൺസൾട്ടന്റ് എന്നോ പറയാവുന്ന നിലയിൽ പാർട്ട്-ടൈമായി പ്രവർത്തിക്കാൻ ആദ്യം അവസരം ലഭിച്ച അമ്പാട്ട് അധികം വൈകാതെ അതിന്റെ പ്രൂഫ് റീഡറായി നിയമിതനായി.
അക്കാലത്ത് എം.സി. വർഗീസിന്റെ ഉടമസ്ഥതയിലുള്ള 'മംഗളം' പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. 1969-ൽ ആണ് ആണ് തുടങ്ങിയതെന്ന് തോന്നുന്നു. എന്നാൽ 1975 ആയപ്പോൾ ആണ് ഞാനത് ആദ്യമായി കാണുന്നത്; അന്നത് ഒട്ടും തന്നെ നിലവാരമില്ലാത്തതും അശ്ലീല അതിപ്രസരമുള്ളതുമായ ഉള്ളടക്കവുമായി ഒരു സാധാരണ ലെറ്റർ പ്രസ്സിൽ നിന്നും അച്ചടിച്ച് ഇറക്കിയിരുന്ന ഒരു അപ്രസക്ത പ്രസിദ്ധീകരണം എന്ന പരിഗണനയെ ഉണ്ടായിരുന്നുള്ളു... വളരെ പരിമിതമായ കോപ്പികളുടെ സർക്കുലേഷനെ ഉണ്ടായിരുന്നുള്ളു എന്നും തോന്നുന്നു. അക്കാലത്ത് ഒരു ദ്വൈ-വാരികയായിരുന്നുവോ എന്നും സംശയമുണ്ട്.
അങ്ങനെ നീങ്ങവേ, 1977-കാലത്ത് ഒരുനാൾ 'മനോരാജ്യ'ത്തിലെ ആർട്ടിസ്റ്റായിരുന്ന കെ. എസ്. രാജൻ മുഖേന അമ്പാട്ട് സുകുമാരൻനായർ എം. സി. വർഗീസിന്റെ മുന്നിലേൽ എത്തിപ്പെട്ടു. തുടർന്ന് അമ്പാട്ട് 'മംഗള'ത്തിന്റെ പത്രാധിപസ്ഥാനം ഏറ്റെടുക്കുകയും ആ വാരികയുടെ മുഖഛായ അടിമുടി മാറുകയും ചെയ്തു എന്നത് അറിയപ്പെടുന്ന ചരിത്രം.
'മംഗള'ത്തിന്റെ ചരിത്രത്തിൽ മാത്രമല്ല,
'മ- പ്രസിദ്ധീകരണങ്ങൾ' എന്ന പരിഹാസപ്പേരു നേടുന്നത്ര നിലയിൽ വളർന്ന ജനപ്രിയ വാരികകളുടെ ചരിത്രത്തിൽ തന്നെ, അതൊരു പുതുയുഗത്തിന്റെ ആരംഭമായിരുന്നു. അമ്പാട്ട് സുകുമാരൻ നായർ എന്ന കർമ്മകുശലനായ പത്രാധിപർ അവിടെ നിന്നങ്ങോട്ട് നാം കാണുന്നു: പച്ചയായ അശ്ലീലതയുടെ ചെളിക്കുണ്ടിൽ നിന്നും പിടിച്ചുയർത്തി, 'മംഗള'ത്തെ മലയാളത്തിലെ ഒന്നാന്തരം ജനപ്രിയ - കുടുംബ പ്രസിദ്ധീകരണം എന്ന നിലയിലേക്കുള്ള വളർച്ചക്ക് കാരണമായത് ഈ 'ജനപ്രിയ പത്രാധിപരുടെ' വൈഭവമൊന്നു മാത്രമാണ്. 'മംഗള'ത്തിന്റെ ഉള്ളടക്കത്തിലും ചേരുവകളുടെ സംവിധാനത്തിലും പൊതുവെയുള്ള ഗെറ്റപ്പിലും എന്നല്ല, എല്ലാ രൂപഭാവങ്ങളിലും മൗലികമായ പരിണാമം സംഭവിച്ചു.
ഈ എഡിറ്ററുടെ വരവോടെ, ഉള്ളടക്കത്തിലും രൂപകല്പനയിലും 'മംഗളം' സമ്പൂർണ്ണമായ ഒരു ഉടച്ചുവാർക്കലിനു വിധേയമാക്കപ്പെട്ടു. വ്യത്യസ്തങ്ങളുമായ 'രുചി'കളുടെയുള്ള മൂന്ന് നോവലുകളും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ബോക്സ് മാറ്ററുകളും 'ഇരുളും വെളിച്ചവും'; 'ഞാൻ എന്റെ ദുഃഖം', 'പുരാണകഥ'കളുടെ ലളിതാഖ്യാനങ്ങൾ തുടങ്ങിയ പരമ്പരകളും വൈവിധ്യമാർന്ന മറ്റ് പംക്തികളും ഫീച്ചറുകളുമൊക്കെ 'മംഗള'ത്തിന്റെ താളുകളിൽ നിറഞ്ഞു. ആ മുഖത്തിൽ സൂചിപ്പിച്ചതു പോലെ നമ്മുടെ കാട്ടിലും നാട്ടിലും അറിയപ്പെടാത്ത ജനസമൂഹങ്ങളുടെ ജീവിതം ചിത്രകരിക്കുന്ന നിരവധി സചിത്ര ഫീച്ചറുകൾ മംഗളത്തിൽ വന്നു; അതിനു പുറമെ, ഇന്ന് ടി വി ചാനലുകൾ ഏറ്റെടുത്തിട്ടുള്ള 'ദുരന്ത - കുറ്റകൃത്യ'ങ്ങളുടെ സചിത്ര ഫീച്ചറുകളുടെയും തുടക്കം മംഗളത്താളുകളിലൂടെയാണ്. ആദ്യമൊക്കെ ഇത്തരം ഉള്ളടക്കത്തെ പുച്ഛിച്ച് തള്ളിയ മുത്തശ്ശി വാരികയായ 'മനോരമ' ആഴ്ചപ്പതിനു പോലും ഈ വഴി അനുകരിക്കേണ്ടിവന്നു.....
റിപ്പോർട്ടറുടെയും ഫോട്ടോഗ്രാഫറുടെയും പേജ് ഡിസൈനറുടെയും എഡിറ്ററുടെയുമൊക്കെ വ്യത്യസ്ത റോളുകൾ ഒന്നിച്ചു വഹിക്കാനുള്ള ഒരു അപൂർവ്വ നിയോഗമായിരുന്നു അന്ന് അമ്പാട്ടിന് വന്നു ചേർന്നത്.
1977-ൽ സുകുമാരൻനായർ പത്രാധിപസ്ഥാനം ഏറ്റെടുക്കുമ്പോൾ 4500 കോപ്പികളിൽ ഒതുങ്ങിയിരുന്ന 'മംഗള'ത്തിന്റെ സർക്കുലേഷൻ 1982-ൽ അദ്ദേഹം അതിന്റെ പടിയിറങ്ങുമ്പോൾ അഞ്ചു ലക്ഷം കോപ്പികളിലെത്തി എന്നാണ് കേട്ടിട്ടുള്ളത്. മേലോട്ടുള്ള ആ ഗതിവേഗം ഒരു മൂന്നു വർഷം കൂടി തുടർന്നു; പിന്നീട് പത്രാധിപരായി ചുമതലയേറ്റ നടുവട്ടം സത്യശീലന്റെ കാലത്താണ്, 1985-ൽ, പതിനേഴ് ലക്ഷം കോപ്പികളുമായി 'മംഗളം' വാരിക സ്ഥാപിച്ച ഇന്ത്യയിലെ റിക്കാർഡ് മറിക്കാൻ ഇന്നേവരെ ഒരു പ്രസിദ്ധീകരണത്തിനും കഴിഞ്ഞിട്ടില്ല. അതിന് സാദ്ധ്യമായ ഗതിവേഗം 'മംഗള'ത്തിന് നല്കിയ ഉള്ളടക്ക ഫോർമുലയുടെ ചേരുവയിൽ അമ്പാട്ടിന്റെ പങ്ക് വലുതാണ്.
'സഖി' എന്നൊരു കോട്ടയം വാരികയുടെ അമരത്തേക്കായിരുന്നു അമ്പാട്ടിന്റെ അടുത്തയാത്ര. അവിടെയും ഒരു രക്ഷകന്റെ റോൾ തന്നെയായിരുന്നു അദ്ദേഹത്തിന് നിർവഹിക്കേണ്ടി വന്നത്. തീരെ നിലവാരമില്ലാതെ ഇറങ്ങിയിരുന്ന - 'മഞ്ഞയിൽ' മുങ്ങിയൊരുങ്ങിയിരുന്ന - ഒരു പ്രസിദ്ധീകരണമായിരുന്ന 'സഖി'യെ നിലവാരമുള്ള ഒരു കുടുംബ വാരികയായി അണിയിച്ചൊരുക്കുന്നതിൽ സുകുമാരൻ നായർ വിജയിക്കുക തന്നെ ചെയ്തു! അക്കാലത്ത് സഖി വാരികയുടെ അത്ഭുതകരമായ വളർച്ച കണ്ട് സാക്ഷാൽ, എം.പി. നാരായണപിള്ള 'ഇനി സഖി' എന്ന ശീർഷകത്തിൽ 'കലാകൗമുദി' വാരികയിൽ ഒരു ലേഖനം എഴുതുകപോലും ചെയ്തു. അത് ഉയരങ്ങളിലേക്ക് കുതിക്കുന്ന ഘട്ടത്തിൽ, പക്ഷേ, അമ്പാട്ടിന് 'സഖി'യെയും വിട്ടുപിരിയേണ്ടി വന്നു.
'സുനന്ദ' എന്ന സുന്ദരമായ പേരുള്ള സ്വന്തം വാരികയുമായി മലയാളത്തിലെ ജനപ്രിയ പ്രസാധന രംഗത്ത് പ്രത്യക്ഷപ്പെടുന്ന അമ്പാട്ടിനെയാണ് പിന്നെ കാണുന്നത്. അപ്പോഴേക്കും എണ്ണിയാലൊടുങ്ങാത്ത അത്രയും വാരികകൾ ജനപ്രിയതയുടെ വേദിയിൽ തിക്കും തിരക്കും സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. ( മോഹൻലാലിന്റെ 'അയാൾ കഥ എഴുതുകയാണ്' എന്ന സിനിമ ഓർക്കുക.) എന്നാൽ 'സുനന്ദ'യിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അമ്പാട്ടിന് കഴിഞ്ഞു. ഏജന്റുമാരുടെ പണം കൊണ്ട് മാത്രം തുടങ്ങിയ 'സുനന്ദ' വാരിക മൂന്നാം ലക്കത്തോടെ ഒരു ലക്ഷത്തിലേറെ കോപ്പികൾ അച്ചടിക്കേണ്ടതായ ഉയർച്ചയിൽ എത്തി. ഒടുവിൽ മൂന്ന് ലക്ഷത്തിലേറെ കോപ്പികളുമായി വൻപ്രചാരത്തിൽ നില്ക്കുമ്പോൾ അത് അവസാനിപ്പിക്കേണ്ട ദുര്യോഗവും വന്നുചേർന്നു. സ്വന്തം ബന്ധുക്കളായ ബിസിനസ് പങ്കാളി കളുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് 'സുനന്ദ' അടച്ചുപൂട്ടേണ്ടി വന്നു.
ആ സമയത്താണ് എം.സി. വർഗീസിൽ നിന്ന് വീണ്ടുമൊരു ക്ഷണം അമ്പാട്ടിനെ തേടി വരുന്നത് - 'മംഗള'ത്തിലേക്ക് തിരികെയെത്താനുള്ള ഒരു ഓഫർ. അങ്ങനെ അദ്ദേഹം വീണ്ടും 'മംഗള'ത്തിലെത്തി. അമ്പാട്ടിന്റെ ശിഷ്യന്മാരാണ് അന്ന് മംഗളത്തിന്റെ അമരത്ത് ഉള്ളത്. വർഗീസ് ഇത്തിരി കൺഫ്യൂഷനിലായി. ഗുരുവിനെ ശിഷ്യരുടെ കീഴിലിരുത്തിയാൽ അത് ഗുരുത്വക്കേടാവുമല്ലോ! വൈകാതെ അതിനും പരിഹാരം കണ്ടെത്താൻ കഴിഞ്ഞു. 'കർപ്പൂരം' എന്ന പേരിൽ പുതിയൊരു സാഹിത്യ-സാംസ്കാരിക മാസിക പുറത്തിറക്കാൻ 'മംഗളം' തീരുമാനിച്ചു. അതിന്റെ പത്രാധിപസ്ഥാനം അമ്പാട്ടിനു നല്കി. ബഷീർ, സക്കറിയ, എം. പി. നാരായണപിള്ള തുടങ്ങിയ പ്രമുഖരെ 'കർപ്പൂര'ത്തിൽ അണിനിരത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു വർഷം കൊണ്ടുതന്നെ പ്രചാരം മുപ്പതിനായിരം കോപ്പിയിലെത്തി. പിന്നീട് 'മംഗളം' ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പിന്റെയും വാർഷികപ്പതിപ്പിന്റെയും ചുമതലകളും അമ്പാട്ടിന്റെ കരങ്ങളിൽത്തന്നെ വന്നുചേർന്നു.
പിന്നീട് ജോലിയിൽ നിന്നെല്ലാം പിരിഞ്ഞ് സ്വസ്ഥജീവിതം നയച്ചു വരികയാണ് അമ്പാട്ടു സുകുമാരൻ നായർ. എക മകൾ എറണാകുളത്ത് താമസിക്കുന്നു; മകളുടെ ഭർത്താവ് പത്രപ്രവർത്തകനുമായ മണി ജനാർദ്ദനൻ; ഏക മകൻ കോട്ടയത്താണ്.
ആശംസകൾ നേരാൻ വിളിച്ചപ്പോൾ നവതിക്കാരൻ എറണാകുളം നോർത്തിലെ അപ്പാർട്ടുമെൻ്റിൽ മകളോടൊപ്പമാണ്.
കടപ്പാട്: മുഹമ്മദ് തട്ടാശ്ശേരി ; അമ്പാട്ട് സുകുമാരൻ നായരുടെ ഓർമ്മക്കുറിപ്പ്.
