
കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്ന പരാതിയിൽ സിപിഐഎം നേതാവ് ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസെടുത്തു. കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. സമൂഹത്തിൽ സ്പർദ്ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേർന്ന് ജാഥ സംഘടിപ്പിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ആരോഗ്യമന്ത്രി വീണാ ജോർജിന് കണ്ണൂരിൽവെച്ച് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനത്തിൽ അസഭ്യവും സ്ത്രീവിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്നാണ് പരാതി. ഡിവൈഎഫ്‌ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് വിവാദമായ മുദ്രാവാക്യം വിളി ഉയർന്നത്. ഈ പരിപാടിയിൽ ചിന്ത ജെറോം പങ്കെടുത്തിരുന്നു.
സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരിച്ച് ചിന്ത രംഗത്ത് വന്നിരുന്നു. പ്രതിഷേധ പ്രകടനം വൈകാരികമായിരുന്നുവെന്നും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് വീഡിയോയുടെ കട്ട് ചെയ്‌തെടുത്ത ചെറിയ ഭാഗം മാത്രമാണെന്നുമായിരുന്നു ചിന്ത ജെറോമിന്‍റെ വിശദീകരണം.
പ്രകടനത്തില്‍ മുദ്രാവാക്യം ഏറ്റ് വിളിക്കുക മാത്രമാണ് ചെയ്തത്. 'വളരെ ചെറുപ്പത്തിലേ ഇത്തരം വ്യക്തിഹത്യകള്‍ നേരിട്ടുവരികയാണ്. ഇതൊക്കെ പ്രധാനവിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ഗുഢാലോചനയാണ്. ഇതു പ്രചരിപ്പിക്കുന്നവര്‍ മുഴുവന്‍ വിഷ്വലും കാണണം. അത് ഒരു മാസായി നടക്കുന്ന പ്രതിഷേധ പ്രകടനമാണ്. അതില്‍ വൈകാരികമായി പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചതാണ്. നമ്മുടെ രാഷ്ട്രീയം എപ്പോഴും സ്്ത്രീ, ദളിത്, അരികുവത്കരിക്കപ്പെട്ടവര്‍ എന്നിവക്കൊപ്പമാണെന്നുമായിരുന്നു വിശദീകരണം.