Image

സോളാര്‍ കമീഷനോട് ഉമ്മന്‍ ചാണ്ടിയുടെ പേരുപറയാൻ സരിത ആവശ്യപ്പെട്ടു; അഡ്വ. ഫെനി

Published on 26 February, 2026
സോളാര്‍ കമീഷനോട് ഉമ്മന്‍ ചാണ്ടിയുടെ പേരുപറയാൻ സരിത ആവശ്യപ്പെട്ടു; അഡ്വ. ഫെനി

കൊല്ലം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമീഷനോട് ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയനേതാക്കളുടെ പേര് പറയണമെന്നു സരിത ആവശ്യപ്പെട്ടതായി അഡ്വ. ഫെനി ബാലകൃഷ്ണൻ. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ അഡ്വ. സുധീര്‍ ജേക്കബ് വാദിയായി അഡ്വ. ജോളി അലക്‌സ് മുഖേന ഫയല്‍ ചെയ്ത കേസിലാണ് ഫെനി ബാലകൃഷ്ണന്‍റെ മൊഴി രണ്ടാം ദിവസവും എടുത്തത്.

ഇതിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നുകണ്ട കോടതി ഒന്നാംപ്രതി സരിത എസ്. നായര്‍ക്കും രണ്ടാംപ്രതി കെ.ബി. ഗണേഷ് കുമാറിനും സമന്‍സ് അയച്ച് കേസ് ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ കേസില്‍ അഞ്ചാം സാക്ഷിയായാണ് ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കിയത്.

ജുഡീഷ്യൽ കമീഷനിൽനിന്ന് നോട്ടീസ് ലഭിച്ചതറിഞ്ഞാണ് സരിത കാണാനെത്തിയത്. കാര്യം അന്വേഷിച്ചപ്പോള്‍ നിലവിലുള്ള യു.ഡി.എഫ് സര്‍ക്കാരിന് പണി കൊടുക്കണമെന്നു സരിത പറഞ്ഞു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നേതാക്കളുടെ പേര് പറഞ്ഞുതന്നു. ഗണേഷ് കുമാറിന്‍റെ പി.എ പ്രദീപ് വന്നുകാണുമെന്നും ഫെനിക്കു പ്രയോജനമുണ്ടാകുമെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയെങ്കിലും സരിത പറഞ്ഞപ്രകാരം മൊഴി നല്‍കിയില്ലെന്നും ഫെനി കോടതിയിൽ മൊഴിനൽകി.

21 പേജുള്ള ആദ്യ കത്തിനുപകരം 25 പേജുള്ള കത്താണ് സോളാര്‍ കമീഷന് സരിത സമര്‍പ്പിച്ചത്. ഇതില്‍ ഒന്നാംപ്രതി ഉമ്മന്‍ ചാണ്ടിയായിരുന്നു. കൂടാതെ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍ തുടങ്ങിയവരുടെ പേരുമുണ്ടായിരുന്നു. ശരണ്യ മനോജും പ്രദീപുമാണ് ഗണേഷ്‌കുമാറിനുവേണ്ടി പ്രവര്‍ത്തിച്ചത്.

ഗണേഷ്‌കുമാര്‍ ഒരിക്കലും മന്ത്രിയാകില്ലെന്നും ഇവരാണ് അദ്ദേഹത്തിന്‍റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയതെന്നും ഇവര്‍ക്ക് ‘പണി കൊടുക്കണ’മെന്നും മനോജ് പറഞ്ഞു. ഗണേഷ്‌കുമാറിന്‍റെ നിര്‍ദേശപ്രകാരമാണ് ഇത് തയാറാക്കുന്നതെന്നും തന്‍റെ സഹായം വേണമെന്നും അതിനുള്ള പ്രയോജനം ഉണ്ടാകുമെന്നും മനോജ് പറഞ്ഞതായും ഫെനി മൊഴി നല്‍കി.

സരിത തയാറാക്കിയ 25 പേജുള്ള കത്ത് കോടതിയിൽ തിരിച്ചറിഞ്ഞ ഫെനി, അവരുടെ കൈപ്പടയും സ്ഥിരികരിച്ചു. ഇതേസമയം, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സോളാർ കേസിലെ വിചാരണ മാറ്റിവെക്കണമെന്ന ഗണേഷ്കുമാറിന്‍റെ വാദത്തിൽ കോടതി വിധി പറയാൻ മാർച്ച് 11ലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക