Image

ആരോഗ്യ വകുപ്പിനും മന്ത്രിക്കുമെതിരെ നടക്കുന്ന സമരാഭാസങ്ങൾ സ്പോൺസർ ചെയ്യപ്പെട്ടത്: കെ. ആനന്ദകുമാർ

Published on 26 February, 2026
ആരോഗ്യ വകുപ്പിനും മന്ത്രിക്കുമെതിരെ നടക്കുന്ന സമരാഭാസങ്ങൾ സ്പോൺസർ ചെയ്യപ്പെട്ടത്: കെ. ആനന്ദകുമാർ

 

ആരോഗ്യ വകുപ്പിനും മന്ത്രിക്കുമെതിരെ കുറേ നാളുകളായി നടന്നുവരുന്ന ആക്രമണ സ്വഭാവത്തിലുള്ള സമരങ്ങൾക്ക് പിന്നിൽ ആഗോള സ്വകാര്യ കുത്തകകളാണെന്ന് സംശയിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു.

കേരളത്തിലെ സർക്കാർ, ആരോഗ്യ മേഖലയിൽ കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങളും, നടന്നുവരുന്ന വികസന പ്രവർത്തനങ്ങളും പലരേയും വിറളി പിടിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ ആരോഗ്യ മേഖലയിൽ; പ്രത്യേകിച്ച് അനവധി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ ഏറ്റെടുത്തുകൊണ്ട് സഹസ്ര കോടികൾ നിക്ഷേപിച്ച, ആഗോള നിക്ഷേപ കമ്പനികളുടെ താൽപ്പര്യങ്ങളാണ് ഇത്തരം സമരങ്ങൾക്ക് പിന്നിലുള്ളത്. പൊതുജനരോഗ്യ രംഗം തകർന്നാൽ അതിന്റെ ഗുണഭോക്താവ് ആരാണെന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.

കോഴിക്കോട് കേന്ദ്രമാക്കി ഇന്ത്യയിലെ ആദ്യ അവയവമാറ്റത്തിനുള്ള ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതും, റീജിയണൽ കാൻസർ സെന്ററിന്റെ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടതും, കൊച്ചിൻ കാൻസർ സെന്റർ പ്രവർത്തനം ആരംഭിച്ചതും പലരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്.

രണ്ടര ലക്ഷത്തോളം ശസ്ത്രക്രിയകളാണ് സർക്കാർ ആശുപത്രികളിൽ ഇക്കാലയളവിൽ നടന്നത്. ഇതുകൊണ്ടുള്ള നഷ്ടം ആർക്കാണെന്ന് ചിന്തിക്കുന്നവർക്ക് ബോധ്യമാകും.

വീണ ജോർജ് ആരോഗ്യമന്ത്രി ആകുന്നതിന് മുൻപ് നടന്ന ശസ്ത്രക്രിയാ പിഴവുകളുടെ പേരിൽ, ഉത്തരവാദികൾക്കെതിരെ കർശന നടപടി എടുത്തിട്ടും, മന്ത്രിയെയും വകുപ്പിനെയും കരിവാരിത്തേയ്ക്കാൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ, കൃത്യമായ ആസൂത്രണത്തോടെയാണ്.

എല്ലാ മേഖലകളിലുമുള്ള പോലുള്ള പ്രശ്നങ്ങളും പിഴവുകളും ആരോഗ്യ മേഖലയിലും ഉണ്ടാകാം. പക്ഷെ അതിനെ പെരുപ്പിച്ചു കാണിച്ച് കേരളത്തിലെ ആരോഗ്യമേഖല അപ്പാടെ തകരാറിലാണെന്ന് വരുത്തിതീർക്കേണ്ടത്, കേരളത്തിൽ വലിയതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള ആഗോള സ്വകാര്യ കുത്തകകളുടെ ആവശ്യമാണ്.

കേരളത്തിലെ ആരോഗ്യ മേഖലയിൽ സഹസ്ര കോടികൾ നിക്ഷേപിച്ച്, ആരോഗ്യ മേഖലയെ വരുതിയിലാക്കാനുള്ള ആഗോള നിക്ഷേപ കമ്പനികളുടെയും, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെയും ഗൂഢ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന പ്രതിപക്ഷം, അതിന് വലിയ വിലനൽകേണ്ടിവരുമെന്ന് കാരുണ്യ ചികിത്സാ പദ്ധതിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയായ ആനന്ദകുമാർ മുന്നറിയിപ്പ് നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക